ശ്രദ്ധ വാല്‍ക്കര്‍ വധക്കേസിൽ വഴിത്തിരിവ്; നിർണായകമായി ഡിഎന്‍എ ഫലം
ന്യൂഡല്‍ഹി: ശ്രദ്ധ വാല്‍ക്കര്‍ വധക്കേസിൽ വൻ വഴിത്തിരിവ്. ഡൽഹിയിലെ മെഹ്‌റൗളി വനത്തിൽ നിന്ന് കണ്ടെടുത്ത അസ്ഥികൾ മരിച്ച ശ്രദ്ധയുടേതാണെന്ന് ഡിഎൻഎ പരിശോധന ഫലം. വ്യാഴാഴ്ചയാണ് ഡിഎൻഎ പരിശോധനാ ഫലം പുറത്ത് വന്നത്. ശ്രദ്ധ കൊലക്കേസ് പ്രതി അഫ്താബ് പൂനെവാല അറസ്റ്റിലായി ഒരു മാസത്തിന് ശേഷമാണ് ഡിഎൻഎ പരിശോധനാ ഫലം പുറത്ത് വരുന്നത്. ഇത് കേസിലെ നിർണായക തെളിവാകും.
മെയ് 18നാണ് മുംബൈ സ്വദേശിനിയായ ശ്രദ്ധയെ പങ്കാളി അഫ്താബ് ഡൽഹിയിലെ ഫ്ളാറ്റിൽ വച്ച് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം 35 കഷണങ്ങളായി മുറിച്ച് പുതിയ ഫ്രിഡ്ജ് വാങ്ങി മൃതദേഹാവശിഷ്ടങ്ങൾ സൂക്ഷിച്ചു. പിന്നീട് 18 ദിവസം കൊണ്ട് മെഹ്റൗളിയിലെ വനമേഖലയിൽ മൃതദേഹാവശിഷ്ടങ്ങൾ ഉപേക്ഷിച്ചു.
മകളെ കുറിച്ച് യാതൊരു വിവരവും ലഭ്യമാവാത്തതിനെ തുടർന്ന് ഒക്ടോബറിൽ ശ്രദ്ധയുടെ പിതാവ് മുംബൈ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നാടിനെ നടുക്കിയ കൊലക്കേസ് പുറത്തറിഞ്ഞത്. പിന്നാലെ അഫ്താബിനെ പൊലീസ് അറസ്റ്റ് ചെയ്തു. അഫ്താബ് ഇപ്പോൾ തിഹാർ ജയിലിലാണ്.