ഭൂപതിവ് നിയമഭേദഗതി സമയബന്ധിതമായി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി മന്ത്രി റോഷി അഗസ്‌റ്റിന്റെ നേതൃത്വത്തില്‍ ജില്ലയിലെ എല്‍.ഡി.എഫ് .നേതാക്കള്‍ ചര്‍ച്ച നടത്തി

ഇടുക്കി: ഭൂപതിവ് നിയമഭേദഗതി സമയബന്ധിതമായി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി മന്ത്രി റോഷി അഗസ്‌റ്റിന്റെ നേതൃത്വത്തില്‍ ജില്ലയിലെ എല്‍.ഡി.എഫ.നേതാക്കള്‍ ചര്‍ച്ച നടത്തി.ജില്ലയിലെ വിവിധ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രി കെ. രാജന്‍, വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ എന്നിവരെയും സംഘം സന്ദര്‍ശിച്ചു.
1960 ഭൂപതിവ് നിയമത്തിന്റെ അടിസ്‌ഥാനത്തില്‍ രൂപം നല്‍കിയിട്ടുള്ള 1964, 1993 ഭൂപതിവ് ചട്ടങ്ങളില്‍ മുന്‍കാല പ്രാബല്യത്തോടെ നിയമ ഭേദഗതി നടപ്പിലാക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങളില്‍ നിലനില്‍ക്കുന്ന അനിശ്‌ചിതാവസ്‌ഥ പരിഹരിക്കണമെന്ന് സംഘം ആവശ്യപ്പെട്ടു. ഭൂപതിവ് ചട്ടങ്ങളില്‍ കൃഷി – ഭവന നിര്‍മാണം എന്നിവ മാത്രമാണ് അനുവദിച്ചിട്ടുള്ളത്.
പട്ടയഭൂമിയില്‍ വാണിജ്യാടിസ്‌ഥാനത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പൂര്‍ണമായും ഒഴിവാക്കണമെന്നും സംഘം ആവശ്യപ്പെട്ടു. ഭൂപതിവ് നിയമത്തിലും ചട്ടങ്ങളിലും ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും കോടതിയില്‍ നിലവിലുള്ള കേസുകള്‍ കൂടി പരിഗണിച്ച് സമഗ്രമായ നിയമനിര്‍മാണം നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി.
ഇടുക്കി പാക്കേജ് ജില്ലയുടെ പ്രളയാന്തര പുനര്‍നിര്‍മാണത്തിനായി പ്രഖ്യാപിച്ചതാണെന്നും വിവിധ വകുപ്പുകളിലൂടെ ഘട്ടം ഘട്ടമായി പുനര്‍ നിര്‍മിതി നടപ്പിലാക്കി വരികയാണ്. പാക്കേജിലെ വകുപ്പുകള്‍ വിവിധ വകുപ്പുകള്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിനായി നോഡല്‍ ഓഫീസറെ ഉടന്‍ നിയമിക്കുമെന്നും മുഖ്യമന്ത്രി സംഘത്തിന് ഉറപ്പുനല്‍കി.
ലാന്‍ഡ് രജിസ്‌റ്ററില്‍ ഏലം എന്ന് തെറ്റായി രേഖപ്പെടുത്തിയതു മൂലം 1993 പ്രത്യേക ഭൂപതിവ് ചട്ടങ്ങള്‍ പ്രകാരം പട്ടയം ലഭിക്കാത്ത കര്‍ഷകര്‍ക്ക് പട്ടയം നല്‍കാന്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് റവന്യു മന്ത്രി കെ. രാജന്‍ സംഘത്തോട് പറഞ്ഞു. ജില്ലയിലെ ഭൂപതിവ് ഓഫീസുകള്‍ നിര്‍ത്തലാക്കുമെന്ന പ്രചാരണം തെറ്റാണെന്നും അര്‍ഹരായ മുഴുവന്‍ കര്‍ഷകര്‍ക്കും പട്ടയം നല്‍കുന്നതു വരെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
വന്യജീവികളുടെ ആക്രമണം തടയാന്‍ സോളാര്‍ ഹാങിങ് ഫെന്‍സിങ് സ്‌ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. വനത്തിനുള്ളില്‍ ഒറ്റപ്പെട്ടു താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി നടപ്പിലാക്കുന്ന റീബില്‍ഡ് ഡെവലപ്‌മെന്റ് പദ്ധതി പ്രകാരം ഭക്ഷ്യോത്‌പാദക മേഖലയില്‍ നിന്ന് ആളുകളെ മാറ്റുന്നതിനുള്ളതല്ലെന്നും ജില്ലയിലെ അപേക്ഷകര്‍ ഒറ്റപ്പെട്ട മേഖലയില്‍ നിന്നുള്ളവര്‍ അല്ലാത്തതിനാല്‍ പദ്ധതി നടപ്പാക്കില്ലെന്നും മന്ത്രി വ്യക്‌തമാക്കി.
വനംവകുപ്പും ജനങ്ങളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനും മേഖലാ അടിസ്‌ഥാനത്തില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കുന്നതിനും ധാരണയായി. മണിയാറന്‍കുടി- കൈതപ്പാറ – ഉടുമ്ബന്നൂര്‍ റോഡിന്റെ വീതി നിര്‍ണയം സംബന്ധിച്ചു ഫീല്‍ഡ് സര്‍വേ നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വനംവകുപ്പും പി.എം.ജി.എസ് വൈ ഉദ്യോഗസ്‌ഥരും ചോര്‍ന്ന് സംയുക്‌ത സര്‍വേ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പരിഗണിച്ച് അനുകൂലമായ നടപടി സ്വീകരിക്കും.
മന്ത്രി റോഷി അഗസ്‌റ്റിന് പുറമേ ജില്ലാ എല്‍.ഡി.എഫ് കണ്‍വീനര്‍ കെ.കെ. ശിവരാമന്‍, സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ്, സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലീംകുമാര്‍, കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍, വാഴൂര്‍ സോമന്‍ എം.എല്‍.എ, എന്‍.സി.പി സംസ്‌ഥാന സെക്രട്ടറി അനില്‍ കൂവപ്ലാക്കല്‍, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സിബി മൂലേപ്പറമ്ബില്‍, കോണ്‍ഗ്രസ് (എസ്) സംസ്‌ഥാന സെക്രട്ടറി സി.ജി. ഗോപി എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.