സംസ്‌ഥാനത്ത് വ്യക്‌തമായ ഒരു ടൂറിസനയം വേണമെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ സംസ്‌ഥാന പ്രസിഡണ്ട് ജി.ജയപാല്‍ ആവശ്യപ്പെട്ടു

ചെറുതോണി: സംസ്‌ഥാനത്ത് വ്യക്‌തമായ ഒരു ടൂറിസനയം വേണമെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ സംസ്‌ഥാന പ്രസിഡണ്ട് ജി.ജയപാല്‍ ആവശ്യപ്പെട്ടു.ഇടുക്കി ജില്ലയിലെ പാല്‍ക്കുളം മേട്, കുയിലിമല, കാറ്റാടിക്കടവ്, മീനുളിയാന്‍ പാറ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിട്ടിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രസിഡന്റ് പറഞ്ഞു. ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ഇടുക്കി ജില്ലാ പ്രതിനിധിസമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാരിസ്‌ഥിതിക പ്രശ്‌നങ്ങളുടെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്ന അതേ സര്‍ക്കാരുകള്‍ തന്നെ വിദേശികളെയും സ്വദേശികളെയും ടൂറിസത്തിന്റെ പേരില്‍ ഇടുക്കി ജില്ലയിലേക്ക് ക്ഷണിക്കുന്നതും വിരോധാഭാസമാണെന്നും ജയപാല്‍ പറഞ്ഞു. ഇടുക്കി ജില്ലാ ചെയര്‍മാന്‍ വി.ടി ഹരിഹരന്‍ അധ്യക്ഷത വഹിച്ചു. സംസ്‌ഥാന വൈസ് പ്രസിഡണ്ട് കെ.എം രാജു തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസറായി. കണ്‍വെന്‍ഷനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ രക്ഷാധികാരിയായി ആലിക്കുഞ്ഞും, പ്രസിഡണ്ടായി എം.എസ് അജിയും, വര്‍ക്കിങ് പ്രസിഡന്റായി സി.ആര്‍ സന്തോഷും, സംസ്‌ഥാന സെക്രട്ടറിയായി മുഹമ്മദ് ഷാജിയും തെരഞ്ഞെടുക്കപ്പെട്ടു. സന്തോഷ് പാല്‍ക്ക, സജീന്ദ്രന്‍ പൂവാങ്കല്‍, പി.എം ജോണ്‍, പ്രവീണ്‍ തൊടുപുഴ തുടങ്ങിയവര്‍ പ്രസംഗിച്ചു.