ആഫ്രിക്കന്‍ പന്നിപ്പനി അതിമാരകം അറിയുക

ആഫ്രിക്കന്‍ പന്നിപ്പനി അതിമാരകം അറിയുക പന്നികളെ മാത്രം ബാധിക്കുകയും വേഗത്തില്‍ പടര്‍ന്നു പിടിക്കുകയും മരണനിരക്ക് വളരെ കൂടിയതുമായ ആഫ്രിക്കന്‍ പന്നിപ്പനി 1921 ല്‍ ആഫ്രിക്കയിലെ കെനിയയിലാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തുടര്‍ന്ന് ആഫ്രിക്കയിലെ മറ്റു പല രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും പടര്‍ന്ന രോഗം ഇവിടങ്ങളില്‍ ഒരു സ്ഥിരം ഭീഷണിയായി മാറി. ഇന്ത്യയില്‍ ആദ്യമായി ഈ രോഗം 2020 ജനുവരിയില്‍ ആസാം, അരുണാചല്‍ പ്രദേശ് മുതലായ സംസ്ഥാനങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇടുക്കി ജില്ലയില്‍ ഇതുവരെ കരിമണ്ണൂര്‍, വണ്ണപ്പുറം, വാത്തിക്കടി, കഞ്ഞിക്കുഴി, വാഴത്തോപ്പ്, കൊന്നത്തടി, ഉപ്പുതറ, വണ്ടന്‍മേട്, പരുവന്താനം എന്നീ പഞ്ചായത്തുകളിലും തൊടുപുഴ, കട്ടപ്പന നഗരസഭകളിലും രോഗം സ്ഥീരീകരിച്ചിട്ടുണ്ട്.
കേരളത്തില്‍, വയനാട്, കണ്ണൂര്‍, തൃശ്ശൂര്‍, കോട്ടയം, ഇടുക്കി, തിരുവനന്തപുരം മുതലായ ജില്ലകളിലും രോഗം സ്ഥിരീകരിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ പന്നി വളര്‍ത്തല്‍ ഉപജീവനമാര്‍ഗ്ഗം ആക്കിയിരിക്കുന്ന കര്‍ഷകര്‍ ഈ രോഗത്തെ ചെറുത്തുനില്‍ക്കുന്നതിന് അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.
ഫലപ്രദമായ പ്രതിരോധ കുത്തിവെയ്പ്പും ചികിത്സയും നിലവില്‍ ലഭ്യമല്ലാത്തതിനാല്‍ മറ്റ് പ്രതിരോധ മാര്‍ഗങ്ങളാണ് പരമപ്രധാനം. കൂടിയ മരണ നിരക്ക്, പനി, ത്വക്കിന്റെ നിറംമാറ്റം, ശ്വാസംമുട്ട് മുതലായവ പ്രധാന ലക്ഷണങ്ങളാണ്.
പന്നികള്‍ക്ക് തീറ്റയായി നല്‍കുന്ന ഹോട്ടല്‍ വേസ്റ്റ്, ഇറച്ചി മാലിന്യങ്ങള്‍, പുതുതായി കൊണ്ടുവരുന്ന പന്നികള്‍, ബാഹ്യപരാഗ ജീവികളായ പട്ടുണ്ണികള്‍, രോഗബാധയുള്ള സ്ഥലങ്ങളില്‍ നിന്നും ഫാം സന്ദര്‍ശിക്കുന്നവരുടെ വസ്ത്രങ്ങള്‍, ചെരിപ്പുകള്‍ എന്നിവയൊക്കെ രോഗവ്യാപനത്തിന് കാരണമാകുന്നു. ഫാം സന്ദര്‍ശിക്കുന്നവരുടെ ചെരിപ്പുകള്‍ മുതലായ എല്ലാ വസ്തുക്കളും അണു നശീകരണം നടത്തേണ്ടത് അത്യാവശ്യമാണ്. അണുനശീകരണത്തിന് കെമിക്കല്‍ സ്റ്റോറുകളില്‍ ലഭ്യമായ സോഡിയം ഹൈപ്പോക്ലോറേറ്റ്/സോഡിയം ഹൈഡ്രോക്‌സൈഡ്/ബ്ലീച്ചിംഗ് പൗഡര്‍ (കാല്‍സ്യം ഹൈപ്പോക്ലോറേറ്റ്) എന്നിവ ഉപയോഗിക്കാം.
മാലിന്യങ്ങള്‍ പന്നികള്‍ക്ക് ആഹാരമായി നല്‍കാതിരിക്കുകയോ, 20മിനിറ്റ് നന്നായി വേവിച്ചതിനുശേഷം മാത്രം നല്‍കുകയോ ചെയ്യണം.
മറ്റു മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ ഈ രോഗം പടരുകയില്ലെങ്കിലും വളര്‍ത്തു പന്നികളിലും, കാട്ടുപന്നികളിലും രോഗം പടരും. കാട്ടുപ്പന്നികളില്‍ നിന്നും രോഗം പകരാതിരിക്കുന്നതിനായി പന്നി ഫാമിനു ചുറ്റും വേലി സ്ഥാപിക്കുന്നതും അഭികാമ്യമാണ്.
മൂന്നുമാസം വരെയും നശിക്കാതെ നിലനില്‍ക്കുന്ന ഡിഎന്‍എ വൈറസ് ആണ് രോഗകാരണം. പുതുതായി കൊണ്ടുവരുന്ന പന്നികളെ 19 ദിവസമെങ്കിലും നിരീക്ഷിച്ച ശേഷം മാത്രം ഫാമിന്റെ ഉള്ളിലേക്ക് പ്രവേശിപ്പിക്കുക.
100% ത്തോളം മരണനിരക്ക് ഉള്ള രോഗം ആകയാല്‍ നമ്മുടെ പന്നിസമ്പത്ത് നിലനിര്‍ത്തുന്നതിന് കര്‍ഷകരുടെയും പൊതുജനത്തിന്റെയും നിതാന്ത ജാഗ്രത അത്യാവശ്യമാണ്. രോഗം സ്ഥിരീകരിക്കുന്ന ഇടങ്ങളില്‍ നാഷണല്‍ ആക്ഷന്‍ പ്ലാന്‍ പ്രകാരമാണ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നത്. രോഗബാധ ഉണ്ടായ ഫാമിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള പ്രദേശം രോഗബാധിത മേഖലയായി പ്രഖ്യാപിക്കുകയും ഇവിടങ്ങളിലുള്ള രോഗമുള്ളവയും രോഗം ഇല്ലാത്തവയും ആയ മുഴുവന്‍ പന്നികളെയും ദയാവധത്തിന് വിധേയമാക്കി നഷ്ടപരിഹാരം നല്‍കും. ദയാവധം നടത്തുന്ന പന്നികള്‍ക്ക് മൊത്തം തൂക്കത്തിന്റെ 72% ന് (ഇറച്ചിത്തൂക്കം) നഷ്ടപരിഹാരം നല്‍കുന്നതാണ്. 15 കിലോഗ്രാം വരെ - 2200/ രൂപ, 15 കിലോഗ്രാം - 40കിലോഗ്രാം 5800/ രൂപ, 40 കിലോഗ്രാം - 70 കിലോഗ്രാം 8400/ രൂപ, 70 കിലോഗ്രാം - 100 കിലോഗ്രാം 12,000/ രൂപ, 100 കിലോഗ്രാമിന് മുകളില്‍ 15,000/ രൂപ എന്നതാണ് നഷ്ട പരിഹാര നിരക്ക്. രോഗബാധിത മേഖലയായ ഒരു കിലോമീറ്റര്‍ ചുറ്റളവ് പ്രദേശത്ത് പന്നികളെ മാറ്റുന്നതിനും, കൊണ്ടുവരുന്നതിനും, കൊണ്ടുപോകുന്നതിനും, കശാപ്പു നടത്തുന്നതിനും, ഇറച്ചി വില്പന നടത്തുന്നതിനും നിയമം മൂലം വിലക്കേര്‍പ്പെടുത്തും. നിരീക്ഷണ മേഖലയായ 10 കിലോമീറ്റര്‍ ചുറ്റളവ് പ്രദേശത്ത് പന്നികളെ അങ്ങോട്ടുമിങ്ങോട്ടും മാറ്റുന്നതിന് തടസ്സം ഇല്ലെങ്കിലും പുറത്തു നിന്നും ഈ മേഖലയിലേക്കും ഇവിടെ നിന്നും പുറത്തേക്കും പന്നികളെ വില്‍ക്കുകയോ, വാങ്ങുകയോ, മാറ്റുകയോ ചെയ്യാന്‍ പാടുള്ളതല്ലെന്ന് മൃഗസംരക്ഷണ വകുപ്പ് ജില്ലാ എപ്പിഡമിയോളജിസ്റ്റ് & പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍ ഡോ. നിശാന്ത് എം പ്രഭ അറിയിച്ചു.