കാലാവസ്ഥ അനുകൂലമായിട്ടും സംസ്ഥാനത്തെ റബര്‍ തോട്ടങ്ങളില്‍ പെയ്യുന്നത് കര്‍ഷകന്റെ കണ്ണീര്‍പ്പെരുമഴ
കോട്ടയം: കാലാവസ്ഥ അനുകൂലമായിട്ടും സംസ്ഥാനത്തെ റബര്‍ തോട്ടങ്ങളില്‍ പെയ്യുന്നത് കര്‍ഷകന്റെ കണ്ണീര്‍പ്പെരുമഴ.ഈവര്‍ഷമാദ്യം കിലോയ്ക്ക് 176 രൂപയായിരുന്ന വില കഴിഞ്ഞദിവസങ്ങളില്‍ 130 രൂപനിലവാരത്തിലേക്ക് കൂപ്പുകുത്തിയതാണ് കര്‍ഷകരെ നോവിക്കുന്നത്.ഉത്പാദനം ഉയര്‍ന്ന് വരുമാനം ഇരട്ടിയാകേണ്ട സമയത്താണ് ഈ വിലത്തകര്‍ച്ച. റബര്‍വില മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ചയിലേക്ക് കൂപ്പുകുത്തുകയാണ്. ഈ മാസം ഇതുവരെ ആറ് രൂപയോളം ഇടിഞ്ഞു.പുലര്‍ച്ചെ തണുപ്പുള്ള അനുകൂല കാലാവസ്ഥയില്‍ സംസ്ഥാനത്ത് 30 ശതമാനത്തിന് മുകളില്‍ ഉത്പാദനം കൂടിയിട്ടുണ്ട്. എന്നാല്‍ ആഗോളമാന്ദ്യത്തില്‍പ്പെട്ട് ഡിമാന്‍ഡ് കുറഞ്ഞതോടെ വിലയിടിഞ്ഞു. വിപണി നിയന്ത്രിക്കുന്ന ചെറുതും വലുതുമായ ടയര്‍ കമ്ബനികള്‍ വിട്ടുനിന്നും വില കുറച്ചുവാങ്ങിയും വിലയിടിക്കുന്നു.ചെറുകിട കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ആര്‍.എസ്.എസ്-5 ഇനം റബര്‍ ഷീറ്റ് വില ശനിയാഴ്ച കിലോയ്ക്ക് 134 രൂപയായിരുന്നു. ആര്‍.എസ്.എസ്-4ന് 137 രൂപയും. ഇതിലും താഴ്ന്ന വിലയില്‍ കച്ചവടം നടന്ന സ്ഥലങ്ങളുമുണ്ട്. ഒട്ടുപാല്‍ വില 71 രൂപ. ഇനിയും വില താഴുമെന്ന സൂചനയാണ് വിപണി നല്‍കുന്നത്. കൊവിഡ് കാലത്ത് 132 രൂപയിലേക്ക് ഇടിഞ്ഞ വില 2021 ആഗസ്റ്റില്‍ 180 രൂപയിലെത്തിയിരുന്നു. എട്ടുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയായിരുന്നു ഇത്.
പ്രോസസിംഗ് യൂണിറ്റുകളും തകര്‍ച്ചയില്‍
വില ഇടിഞ്ഞതോടെ റബര്‍ പ്രോസസിംഗ് യൂണിറ്റുകളും തകര്‍ച്ചയിലായി. പാല്‍ ശേഖരിച്ച് ഷീറ്റാക്കി മാറ്റാന്‍ കിലോയ്ക്ക് 17 രൂപ വരെയാണ് ചെലവ്. വിലയിടിവില്‍ ഇത്തരം യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. ചെലവ് വര്‍ദ്ധിക്കുകയും വരുമാനം ഇടിയുകയും ചെയ്യുന്നതിനാല്‍ കൃഷി ഉപേക്ഷിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു.
വിലയിടിന് കാരണം
വിപണിയില്‍ നിന്ന് വിട്ടുനിന്ന് ടയര്‍ വ്യവസായികള്‍.
ചൈന റബര്‍ എടുക്കാത്തത് അന്താരാഷ്ട്രവിപണിയെ ബാധിച്ചു.
ആഫ്രിക്കന്‍ രാജ്യങ്ങളിലെ അധിക ചരക്ക് കെട്ടിക്കിടക്കുന്നു.
വിലയിടിവ് ഇങ്ങനെ
2020: ₹141
2021: ₹180
2022: ₹134
വിലസ്ഥിരതാപദ്ധതി നിശ്ചലം
റബര്‍വില ഇടിയുമ്ബോള്‍ കര്‍ഷകര്‍ക്ക് താങ്ങാവേണ്ട വിലസ്ഥിരതാപദ്ധതിയെ കൈവിട്ട് സര്‍ക്കാര്‍. ഫണ്ടില്ലെന്ന പേരില്‍ സര്‍ക്കാര്‍ മുഖംതിരിക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു.
കിലോയ്ക്ക് 170 രൂപയ്ക്ക് താഴെ റബര്‍വിലയെത്തിയാല്‍ വിപണിവിലയുമായുള്ള അന്തരം കര്‍ഷകന് സബ്സിഡിയായി നല്‍കുന്നതാണ് പദ്ധതി. പദ്ധതി പുനഃസ്ഥാപിച്ചാല്‍ വലിയ ആശ്വാസമാകുമെന്ന് കര്‍ഷകര്‍ പറയുന്നു.