പാലം തകർന്നുതന്നെ, ആദിവാസികൾ പുറംലോകം എത്താൻ പുഴയിലൂടെ നടക്കണം ; സാമ്പത്തിക പ്രതിസന്ധിഎന്ന് അധികൃതർ
അട്ടപ്പാടിയിൽ 2018ലെ മഹാപ്രളയത്തിൽ തകർന്ന പാലം വർഷമിത്ര കഴിഞ്ഞിട്ടും പുന:സ്ഥാപിച്ചില്ല.കൊടും മഴക്കാലത്തും പുഴ മുറിച്ച് കടന്നു വേണം ആദിവാസികൾക്ക് പുറം ലോകത്തെത്താൻ. സാമ്പത്തിക പ്രതിസന്ധി മൂലമാണ് പാലം നിർമ്മാണം വൈകുന്നത് എന്നാണ് അധികൃതരുടെ വിശദീകരണം.അഗളി – ഷോളയൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതായിരുന്നു വണ്ണാന്തറ പാലം.കാരയൂർ, കള്ളക്കര, വണ്ണാന്തറ തുടങ്ങിയ ആദിവാസി ഊരുകളിലെ ജനങ്ങൾക്ക് പുറം ലോകത്തെത്താനുള്ള എളുപ്പ മാർഗം. പാലം തകർന്നിട്ട് 5 വർഷമായിട്ടും അറ്റകുറ്റ പണികൾക്കായുള്ള ഒരു ശ്രമവും നടന്നില്ല.ഇതോടെ അത്യാവശ്യത്തിന് പോലും പുറത്തിറങ്ങാൻ ഊരു വാസികൾക്ക് ചുറ്റി കറങ്ങണം. ചികിത്സയ്ക്ക് കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ എത്തണമെങ്കിൽ ഓട്ടോറിക്ഷയ്ക്ക് 200 രൂപയെങ്കിലും കൊടുക്കണം.അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിനാണ് പാലത്തിൻ്റെ നിർമ്മാണ ചുമതല. 50 ലക്ഷം മുതൽ 1 കോടി രൂപയാണ് നിർമ്മാണത്തിന് കണക്കാക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലമാണ് പാലം പണി തുടങ്ങാൻ വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.അടുത്ത സാമ്പത്തിക വർഷം പാലക്കാട് ജില്ലാ പഞ്ചായത്തുമായി ആലോചിച്ച് പരിഹാരം കാണുവാൻ ശ്രമിക്കും എന്ന് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് കെ കെ മാത്യു അറിയിച്ചു