വിവാദ റഫറി അന്റോണിയോ മാത്യു ലാഹോസിനോട് മോശമായി പെരുമാറിയതിന് അര്‍ജന്റീനാ താരങ്ങള്‍ക്ക് ഫിഫയുടെ വിലക്ക് വരുന്നു
ദോഹ:വിവാദ റഫറി അന്റോണിയോ മാത്യു ലാഹോസിനോട് മോശമായി പെരുമാറിയതിന് അര്‍ജന്റീനാ താരങ്ങള്‍ക്ക് ഫിഫയുടെ വിലക്ക് വരുന്നു.വിലക്ക് വരുന്നതോടെ ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്ക് സെമി നഷ്ടമാവാനും സാധ്യത. ഖത്തര്‍ ലോകകപ്പിലെ ഏറ്റവും വാശിയേറിയ മല്‍സരമായിരുന്നു ക്വാര്‍ട്ടറിലെ നെതര്‍ലന്റസ്-അര്‍ജന്റീനാ പോരാട്ടം. മല്‍സരം നിയന്ത്രിച്ച റഫറി അന്റോണിയോ മാത്യു ലാഹോസ് ആണ്. മല്‍സരത്തില്‍ 16 മഞ്ഞകാര്‍ഡുകളാണ് ഇരുടീമുകളിലെ താരങ്ങള്‍ക്കായി ലാഹോസ് പുറത്തെടുത്തത്. ഇരുടീമിലെ നിരവധി താരങ്ങള്‍ റഫറിയോട് കയര്‍ത്ത് സംസാരിച്ചിരുന്നു. താരങ്ങള്‍ മാത്രമല്ല കോച്ചിങ് സ്റ്റാഫുകളും ഇതില്‍ പ്പെടും.അര്‍ജന്റീനാ കോച്ച് സ്‌കലോണിയും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സൂപ്പര്‍ താരം മെസ്സി റഫറിയോട് നിരവധി തവണ എതിര്‍ത്ത് സംസാരിച്ചിരുന്നു. ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് മല്‍സരത്തില്‍ റഫറിയോട് മോശമായി പെരുമാറിയവര്‍ക്കെല്ലാം വിലക്കു വരും. ഫിഫയുടെ അച്ചടക്ക സമിതി വിഷയത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്ന അര്‍ജന്റീനന്‍ താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും വിലക്ക് ലഭിക്കും. മെസ്സിക്ക് വിലക്ക് വന്നാല്‍ താരത്തിന് നഷ്ടമാവുന്നത് സെമി ഫൈനലാണ്. ഗോള്‍ കീപ്പര്‍ എമി മാര്‍ട്ടിന്‍സിനും വിലക്കിന് സാധ്യതയുണ്ട്.