രാജകുമാരി പഞ്ചായത്തിൽജലസംരക്ഷണ മത്സരങ്ങൾ സംഘടിപ്പിച്ചു

ജല സംരക്ഷണ സന്ദേശം പകരാൻ ജൽ ജീവൻ മിഷന്റെ നേതൃത്വത്തിൽ രാജകുമാരി ഗ്രാമപഞ്ചായത്തിൽ വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമാ ബിജു പരിപാടി ഉദ്ഘാടനം ചെയ്തു.
ജലസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുകയും അതുവഴി വരും തലമുറയെ ജല സംരക്ഷണത്തിന് പ്രാപ്തരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ജല ജീവൻ മിഷൻ പഞ്ചായത്ത് തലത്തിൽ വിദ്യാർഥികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ജല സംരക്ഷണം, ജല ഉപയോഗം, ജലചൂഷണം, ഭാവിയിലെ ജല ദൗർലഭ്യം തുടങ്ങിയവയിൽ കുട്ടികളിൽ അവബോധം ഉണ്ടാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കവിത, കഥ, ഉപന്യാസം, ചിത്രരചന, കാർട്ടൂൺ ചിത്രീകരണം തുടങ്ങിയ മത്സരങ്ങളാണ് നടത്തിയത്. രാജകുമാരി പഞ്ചായത്ത് ഹാളിൽ നടന്ന മൽസരത്തിൽ ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്കൂളുകളിൽ നിന്നും നിരവധി വിദ്യാർഥികൾ പങ്കെടുത്തു. വിജയികൾക്ക് സമ്മാനവും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
പരിപാടിയോടനുബന്ധിച്ച് കുട്ടികളുടെ ജല സംരക്ഷണ സന്ദേശ റാലിയും സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ് മുകളേൽ, പഞ്ചായത്ത് അംഗങ്ങളായ ആഷാ സന്തോഷ്, എ. ചിത്ര, എം. ഈശ്വർ, സെക്രട്ടറി ബാബു സുരേഷ് ജൽ ജീവൻ മിഷൻ ജില്ലാ കോഡിനേറ്റർ ബിനു ജോസഫ്, പ്രോജക്ട് കോ ഓഡിനേറ്റർ ബിൻസ് രാജ് അഗസ്റ്റിൻ, പ്രോഗ്രാം മാനേജർ അനീഷ് അഗസ്റ്റിൻ, പഞ്ചായത്ത് കോ ഓഡിനേറ്റർമാരായ സോജി മോൻ മാണി, ജിജോ ആൻറണി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.