മൻദൗസ് ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക്; കനത്തമഴയ്ക്ക് സാധ്യത, സ്‌കൂളുകൾക്ക് അവധി

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മൻദൗസ് (Mandous) ചുഴലിക്കാറ്റ് വെള്ളിയാഴ്ച അർധരാത്രിയോടെ ചെന്നൈ തീരംതൊടുന്ന പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ കനത്തമഴയ്ക്ക് സാധ്യത. സംസ്ഥാന സർക്കാർ മുന്നറിയിപ്പ് പ്രഖ്യാപിക്കുകയും അപകടസാധ്യതയുള്ള മേഖലകളിൽ സജ്ജീകരണങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്. തമിഴ്നാടിനെ കൂടാതെ പുതുച്ചേരിയിലും ആന്ധ്രാപ്രദേശിലും മഴയ്ക്ക് സാധ്യതയുണ്ട്.
വെള്ളിയാഴ്ച അർധരാത്രിക്കും ശനിയാഴ്ച പുലർച്ചയ്ക്കുമിടയിൽ മൻദൗസ് ചൈന്നെയ്ക്കു സമീപത്തെ മാമല്ലപുരം കടക്കും. 65-75 കിലോമീറ്റർ വേഗത്തിലാകും ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിക്കുക. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞേക്കും.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കനത്തമഴയ്ക്ക് സാധ്യതയുള്ളതിനാൽ തമിഴ്നാട്ടിലെ 12 ജില്ലകളിലെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂർ, വെല്ലൂർ, റാണിപേട്ടൈ, കാഞ്ചീപുരം തുടങ്ങിയ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. വ്യാഴാഴ്ച രാത്രി മുതൽ വടക്കൻ തമിഴ്നാട്ടിലെ വിവിധയിടങ്ങളിൽ ശക്തികുറഞ്ഞ മഴ പെയ്യുന്നുണ്ട്. വെള്ളിയാഴ്ച രാവിലെ 5.30 വരെയുള്ള കണക്കുകൾ പ്രകാരം ചെന്നൈയിൽ 52.5 മില്ലിമീറ്റർ മഴയാണ് പെയ്തത്.
ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പാർക്കുകളും കളിസ്ഥലങ്ങളും തുറക്കരുതെന്ന് ചെന്നൈ നഗരസഭ നിർദേശിച്ചിട്ടുണ്ട്. കൂടാതെ വെള്ളിയാഴ്ച ബീച്ച് സന്ദർശനം ഒഴിവാക്കണമെന്നും വാഹനങ്ങൾ മരങ്ങൾക്കു താഴെ പാർക്ക് ചെയ്യരുതെന്നും ജനങ്ങൾക്ക് നിർദേശം നൽകി. ബീച്ചുകളിലെ കടകളെല്ലാം അടച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 5,093 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
വില്ലുപുരം, കാഞ്ചീപുരം, പുതുച്ചേരി, ചെങ്കൽപ്പട്ടു മേഖലകളിലെ വിവിധയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്തെ 13 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്. പത്തുജില്ലകളിൽ ദേശീയ ദുരന്തനിവാരണ പ്രതികരണസേനാ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. രക്ഷാദൗത്യത്തിന് ആവശ്യമായ ബോട്ടുകളും മരംമുറിയന്ത്രങ്ങളും ഒരുക്കിയിട്ടുണ്ട്.
തമിഴ്നാടിനെ കൂടാതെ ആന്ധ്രാപ്രദേശിലെ വിവിധ ജില്ലകളിലും മൻദൗസ് മഴയ്ക്ക് കാരണമായേക്കും. നെല്ലൂർ, തിരുപ്പതി, ചിറ്റൂർ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ഈ പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി വ്യാഴാഴ്ച അവലോകനയോഗം വിളിച്ചുചേർത്തിരുന്നു. വിവിധ ജില്ലകളിലെ കളക്ടർമാർക്ക് ജാഗ്രതാനിർദേശവും നൽകിയിട്ടുണ്ട്.
മൻദൗസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമിയും അവലോകനയോഗം വിളിച്ചുചേർത്തിരുന്നു. 238 ദുരിതാശ്വാസകേന്ദ്രങ്ങളാണ് പുതുച്ചേരിയിൽ തുറന്നിട്ടുള്ളത്. എൻ.ഡി.ആർ.എഫ്. സംഘാംഗങ്ങളെയും പുതുച്ചേരിയിൽ വിന്യസിച്ചിട്ടുണ്ട്.