ചലച്ചിത്ര മേളക്ക് ഇന്ന് തുടക്കം; ഉദ്ഘാടന ചിത്രം ‘ടോറി ആന്‍റ് ലോകിത’
തിരുവനന്തപുരം: തലസ്ഥാനത്ത് 27-ാമത് ഐഎഫ്എഫ്കെയ്ക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.
സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ അധ്യക്ഷത വഹിക്കും. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ റസിഡന്‍റ് പിയാനിസ്റ്റായ ജോണി ബെസ്റ്റ് വിശിഷ്ടാതിഥിയായിരിക്കും. ഇറാനിലെ സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടുന്ന സംവിധായകൻ മഹ്നാസ് മുഹമ്മദിക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് നൽകും.
ഉദ്ഘാടന ചടങ്ങിന് ശേഷം വൈകുന്നേരം 5 മണിക്ക് പുർബയാൻ ചാറ്റർജിയുടെ സിത്താർ കച്ചേരി നടക്കും. പതിനഞ്ചാം വയസ്സിൽ മികച്ച ഉപകരണ സംഗീതജ്ഞനുള്ള രാഷ്ട്രപതിയുടെ അവാർഡ് നേടിയ പുർബയാൻ ചാറ്റർജി വിവിധ രാജ്യങ്ങളിൽ സിത്താർ കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്.
കച്ചേരിക്ക് ശേഷം ടോറി ആന്‍റ് ലോകിത എന്ന ഉദ്ഘാടന ചിത്രം പ്രദർശിപ്പിക്കും. കഴിഞ്ഞ മേയിൽ കാൻ ഫിലിം ഫെസ്റ്റിവലിന്‍റെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുകയും കാൻ 75-ാമത് വാർഷിക അവാർഡ് നേടുകയും ചെയ്ത ഈ ചിത്രം ആഫ്രിക്കയിൽ ജനിച്ച് ബെൽജിയത്തിലെ തെരുവുകളിൽ വളരുന്ന അഭയാർത്ഥികളായ ഒരു ആൺകുട്ടിയും പെൺകുട്ടിയും തമ്മിലുള്ള ബന്ധത്തിന്‍റെ കഥയാണ് പറയുന്നത്.