വിഴിഞ്ഞം തുറമുഖ സമരപ്പന്തല്‍ ബുധനാഴ്ച ഉച്ചയോടെ പൊളിച്ചുമാറ്റി
വിഴിഞ്ഞം: മൂന്നരമാസക്കാലം നിരവധി സംഭവ വികാസങ്ങള്‍ക്ക് വേദിയായ വിഴിഞ്ഞം തുറമുഖ സമരപ്പന്തല്‍ ബുധനാഴ്ച ഉച്ചയോടെ പൊളിച്ചുമാറ്റി.പദ്ധതി പ്രദേശത്തേക്ക് ലോറികള്‍ക്ക് കടക്കാന്‍ തടസ്സമായി കെട്ടിയ സമരപ്പന്തലാണ് പൊളിച്ചുനീക്കിയത്. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചകള്‍ക്കുശേഷം സമരം പിന്‍വലിക്കുന്നതായി ലത്തീന്‍ അതിരൂപത പ്രഖ്യാപിക്കുമ്ബോള്‍ പന്തലില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണുണ്ടായിരുന്നത്. പ്രഖ്യാപനം വന്ന പിന്നാലെ പലരും പന്തല്‍ വിട്ടു.ബുധനാഴ്ച രാവിലെ മുതല്‍ തന്നെ സമരപ്പന്തലില്‍നിന്ന് കസേരകളും മൈക്ക് സെറ്റുകളും നീക്കംചെയ്തു. സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണം നിര്‍മിച്ചിരുന്ന ഊട്ടുപുരയിലെ ഗ്യാസ് സിലിണ്ടര്‍, പാത്രങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളും കൊണ്ടുപോയി. സമര ലക്ഷ്യങ്ങള്‍ വിളംബരം ചെയ്ത് ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും എഴുതിയ ഫ്ലക്സ് ബോര്‍ഡുകളും ഐക്യദാര്‍ഢ്യവുമായെത്തിയവര്‍ പ്രദര്‍ശിപ്പിച്ചിരുന്ന ബാനറുകളും നീക്കി.സമരക്കാര്‍ തുറമുഖ നിര്‍മാണ സ്ഥലത്തേക്ക് അതിക്രമിച്ച് കടക്കുന്നത് തടയാന്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും പൊലീസ് മാറ്റിയതോടെ തുറമുഖ നിര്‍മാണ സ്ഥലത്തേക്ക് കല്ലുമായി എത്തുന്ന ലോറികള്‍ക്ക് തടസ്സമില്ലാതെ പോകാന്‍ വഴിയായി. രണ്ടാഴ്ച മുമ്ബ് തുറമുഖത്തുനിന്ന് പുറത്തേക്ക് കൊണ്ടുപോകാനെത്തിയ വാഹനങ്ങളെ പന്തലിന് സമീപം സമരക്കാര്‍ തടഞ്ഞിരുന്നു. തുറമുഖ നിര്‍മാണ മേഖലയില്‍ സ്ഥാപിച്ച ചെറിയ സമരപ്പന്തലും വൈകീട്ടോടെ നീക്കംചെയ്തു.