ഉടുമ്പന്‍ചോലയില്‍ മുന്നണികളുടെ വിലയിരുത്തല്‍
എല്‍.ഡി.എഫിന് ഭൂരിപക്ഷം 15000 നും 20000 നും ഇടയില്‍;
യു.ഡി.എഫിന് 5000 വോട്ടിന്റെ ഭൂരിപക്ഷം
ഇടുക്കി: ഉടുമ്പന്‍ചോലയില്‍ വിജയപ്രതീക്ഷ പങ്കുവച്ച് മുന്നണികളുടെ വിലയിരുത്തല്‍. എല്‍.ഡി.എഫ് മണ്ഡലം കമ്മറ്റി ബൂത്ത് തിരിച്ചുനടത്തിയ വിലയിരുത്തലില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.എം.മണി 15000 നും 20000 നും ഇടയില്‍ ഭൂരിപക്ഷം നേടി വിജയിക്കുമെന്നാണ് വിലയിരുത്തല്‍. കാലങ്ങളായി യു.ഡി.എഫ് ലീഡ് ചെയ്യുന്ന നെടുങ്കണ്ടം പഞ്ചായത്തില്‍ അടക്കം എല്‍.ഡി.എഫ് ലീഡ് ചെയ്യുമെന്നാണ് മുന്നണി വിലയിരുത്തല്‍. അതേസമയം പോളിങ് ശതമാനത്തിലെ കുറവ് തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് യു.ഡി.എഫ് വിലയിരുത്തല്‍. അയ്യായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കാന്‍ കഴിയുമെന്നാണ് മുന്നണി വിലയിരുത്തല്‍. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ വലിയ തോതില്‍ മുന്നിട്ട് നിന്നിരുന്ന എല്‍.ഡി.എഫ് പിന്നീട് വലിയ മത്സരത്തെ നേരിടുകയായിരുന്നു. ഇരട്ടവോട്ട് വിഷയത്തില്‍ അതിര്‍ത്തികള്‍ അടച്ചതും പരിശോധന കര്‍ശനമാക്കാന്‍ കോടതി വിധി നേടിയതും രാഷ്ര്ടീയ വിജയമായതായാണ് യു.ഡി.എഫ് വിലയിരുത്തല്‍.