രാജ്യത്ത് ഒഴിഞ്ഞവയറുമായി ഒരാള്‍ പോലും ഉറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തുകയെന്നതാണു നമ്മുടെ സംസ്‌കാരമെന്നു സുപ്രീം കോടതി
രാജ്യത്ത് ഒഴിഞ്ഞവയറുമായി ഒരാള്‍ പോലും ഉറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തുകയെന്നതാണു നമ്മുടെ സംസ്‌കാരമെന്നു സുപ്രീം കോടതി.ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഭക്ഷ്യധാന്യങ്ങള്‍ അവസാനയാളിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നു കേന്ദ്രസര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു.കൊവിഡും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണുകളിലും തൊഴില്‍-സാമ്ബത്തിക സുരക്ഷ നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥയുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുന്ന വേളയിലാണ് കോടതിയുടെ നിര്‍ദ്ദേശം. ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത കുടിയേറ്റ, അസംഘടിത മേഖലയിലെ തൊഴിലാളികളുടെ കണക്കുകളടങ്ങിയ പുതിയ പട്ടിക സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ജസ്റ്റിസുമാരായ എം ആര്‍ ഷാ, ഹിമ കോഹ്ലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കി.”ദേശീയ ഭക്ഷ്യ സുരക്ഷ പ്രകാരമുള്ള ഭക്ഷ്യധാന്യങ്ങള്‍ അവസാന മനുഷ്യനിലേക്കും എത്തുന്നുവെന്ന് ഉറപ്പാക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ കടമയാണ്. കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്ന് ഞങ്ങള്‍ പറയുന്നില്ല. കൊവിഡ് സമയത്ത് ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. അതു തുടരുന്നതു ഞങ്ങള്‍ക്കു കാണണം. ആരും ഒഴിഞ്ഞ വയറുമായി ഉറങ്ങുന്നില്ലെന്നതുതീര്‍ച്ചപ്പെടുത്തേണ്ടത് നമ്മുടെ സംസ്‌കാരമാണ് ” – ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം ഫലപ്രദമായി നടപ്പാക്കിയില്ലെങ്കില്‍ അര്‍ഹരും ആവശ്യക്കാരുമായ നിരവധി ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം ലഭിക്കാതെ വരികയും അവര്‍ പട്ടികയില്‍ നിന്നും പുറത്താക്കുകയും ചെയ്യും.