കേരളത്തില്‍ സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ലഹരി മാഫിയ
കോഴിക്കോട്: കേരളത്തില്‍ സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ലഹരി മാഫിയ. ഇതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.വടകര അഴിയൂരിലെ പ്രമുഖ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ലഹരി മാഫിയ കാരിയറാക്കി മാറ്റിയതിന്റെ തെളിവുകളാണ് പുറത്തുവന്നത്. പരിചയമുള്ള ചേച്ചി ബിസ്‌ക്കറ്റ് നല്‍കിയാണ് പെണ്‍കുട്ടിയെ വശത്താക്കിയത്.തലശേരിയില്‍ ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ താന്‍ ലഹരി എത്തിച്ച് നല്‍കിയതായി 12 കാരി വെളിപ്പെടുത്തി. ശരീരത്തില്‍ പ്രത്യേക രീതിയിലുള്ള ചിത്രങ്ങള്‍ വരച്ചായിരുന്നു ലഹരി കടത്തെന്നും കുട്ടി പറയുന്നു. രക്ഷിതാക്കളുടെ പരാതിയില്‍ ചോമ്ബാല പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും തെളിവുകള്‍ ഇല്ലെന്ന പേരില്‍ പ്രതിയെ വിട്ടയച്ചുവെന്നാണ് പരാതി.പെണ്‍കുട്ടി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ഗ്രൂപ്പിലും കബഡി ടീമിലും സജീവമായിരുന്നു. കബഡി കളിക്കിടെ പരിചയമുള്ള ചേച്ചി നല്‍കിയ ബിസ്‌കറ്റിലൂടെയായിരുന്നു ലഹരിയുടെ വഴിയിലേക്കെത്തിയത്. പിന്നീട് മറ്റുള്ളവരുമെത്തി. കൂടൂതല്‍ ഉന്മേഷം ലഭിക്കുമെന്ന് ധരിപ്പിച്ചായിരുന്നു തുടക്കം. തുടര്‍ന്ന്, ഓരോ സ്ഥലത്തുകൊണ്ടുപോയി മൂക്കില്‍ മണപ്പിക്കുകയോ, ഇന്‍ജക്ഷന്‍ എടുക്കുകയോ ചെയ്യും. അവര്‍ തന്നെ കൈപിടിച്ച് കുത്തിവെക്കുകയാണ് പതിവ്. കുത്തിവച്ചാല്‍ പിന്നെ ഓര്‍മ കാണില്ലെന്നും വിദ്യാര്‍ത്ഥിനി പറയുന്നു.