ജീവകാരുണ്യ പ്രവർത്തനങ്ങൾ മതപരിവർത്തന ലക്ഷ്യത്തോടെ ആവരുതെന്ന് സുപ്രീം കോടതി
ജീവകാരുണ്യ പ്രവർത്തനങ്ങൾ സ്വാഗതാർഹമാണ്, എന്നാൽ അവ മതപരിവർത്തനത്തിന്റെ ഉദ്ദേശ്യത്തോടെ ആവരുതെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായയുടെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് എം ആര്‍ ഷായുടെ പരാമര്‍ശം. മന്ത്രവാദം, അന്ധവിശ്വാസം, നിർബന്ധിത മതപരിവർത്തനം എന്നിവ തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ളതായിരുന്നു അശ്വിനി കുമാര്‍ ഉപാധ്യായയുടെ ഹര്‍ജി. ജസ്റ്റിസുമാരായ ഷാ, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.മരുന്നുകളും ഭക്ഷ്യധാന്യങ്ങളും അടക്കമുള്ളവ വാഗ്ദാനം ചെയ്ത് ആളുകളെ മതപരിവര്‍ത്തനം നടത്തുന്നത് ഗൌരവമുള്ള കാര്യമാണ്. ആളുകളെ സഹായിക്കണമെങ്കില്‍ നിങ്ങള്‍ സഹായിക്കൂ എന്നാല്‍ അതിന് മതപരിവര്‍ത്തനമെന്ന ലക്ഷ്യം ഉണ്ടാവരുതെന്ന് കോടതി വ്യക്തമാക്കി. വിവിധ കാര്യങ്ങള്‍ കാണിച്ച് മോഹിപ്പിച്ചോ അല്ലെങ്കില്‍ ഉപേക്ഷിക്കാനാവാത്ത സാഹചര്യം സൃഷ്ടിച്ചോ മതപരിവര്‍ത്തനം നടത്തുന്നത് ഭരണഘടനയുടെ അടിസ്ഥാനത്തെ തന്നെ ദുര്‍ബലമാക്കുന്ന ഒന്നാണെന്നും കോടതി നിരീക്ഷിച്ചു. മതസാഹോദര്യം വളരെ പ്രാധാന്യമുള്ള ഒന്നാണെന്നും ജസ്റ്റിസ് രവി കുമാര്‍ വിശദമാക്കി.മതപരിവർത്തനം സംബന്ധിച്ച് സംസ്ഥാനങ്ങളിൽ നിന്ന് കേന്ദ്രം വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ധാന്യങ്ങൾ, മരുന്നുകൾ എന്നിവയ്‌ക്ക് പകരമായാണോ അതേ ഹൃദയത്തില്‍ നിന്ന് തോന്നിയ മതപരമായ മാറ്റമാണോയെന്ന് നിര്‍ണയിക്കുന്നതിന് നിരവധി സംസ്ഥാനങ്ങള്‍ നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.നിർബന്ധിത മത പരിവർത്തനത്തിനെതിരെ സുപ്രിം കോടതി കഴിഞ്ഞ മാസം ശക്തമായ നിലപാടുയർത്തിയിരുന്നു. നിർബന്ധിത മത പരിവർത്തനം ഗൗരവമേറിയ വിഷയമാണെന്നും അത് രാജ്യസുരക്ഷയെ ബാധിക്കുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. മതം മാറാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ട്. എന്നാൽ നിർബന്ധിത മത പരിവർത്തനം നടത്താൻ ഉളള അവകാശം ആർക്കും നൽകുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയത്.