കരയിലും കായലിലും ആകാശത്തിലും പോരാട്ടവീര്യം ഉയര്‍ത്തി നാവികസേനയുടെ അഭ്യാസപ്രകടനം

കൊച്ചി: കരയിലും കായലിലും ആകാശത്തിലും പോരാട്ടവീര്യം ഉയര്‍ത്തി നാവികസേനയുടെ അഭ്യാസപ്രകടനം. എറണാകുളം രാജേന്ദ്രമൈതാനിയില്‍, ആക്രമണങ്ങളെ നേരിട്ടും രക്ഷാപ്രവര്‍ത്തനം നടത്തിയും സുരക്ഷയൊരുക്കിയും നടത്തിയ ഓപറേഷന്‍ ഡെമോണ്‍സ്ട്രേഷന്‍ വീക്ഷിക്കാന്‍ നിരവധിപേര്‍ എത്തി.ദേശീയ ഗാനത്തോടെ ആരംഭിച്ച പരിപാടിയുടെ തുടക്കത്തില്‍ നാവികസേന ബാന്‍ഡിന്‍റെ പ്രകടനം നടന്നു. തുടര്‍ന്ന് നാവികസേന ഉദ്യോഗസ്ഥര്‍ സര്‍വസജ്ജരായി കായലില്‍ ബോട്ടുകളില്‍ എത്തി. ആകാശത്ത് നേവി ഹെലികോപ്ടറുകള്‍ വട്ടംചുറ്റിക്കൊണ്ടിരുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യാതിഥിയായി.കൊച്ചി കായലില്‍ ബോട്ടുകളില്‍ ആയുധങ്ങളുമായി ഉദ്യോഗസ്ഥര്‍ നിരന്നു. പിന്നീട് കായല്‍പരപ്പിലും ആകാശത്തുമായി നടന്നത് മുങ്ങല്‍ വിദഗ്ധരുടെ ബീച്ച് നിരീക്ഷണവും തീവ്രവാദി ആക്രമണങ്ങള്‍ക്കെതിരെയുള്ള പ്രത്യാക്രമണങ്ങളും. ശേഷം നാവിക ഹെലികോപ്ടറുകളുടെ ഫ്ലൈപാസ്റ്റ് നടന്നു. ആദ്യം ദേശീയപതായുമായി മൂന്ന് ചേതക് ഹെലികോപ്ടറുകള്‍ ആകാശത്ത് വട്ടമിട്ടു. തൊട്ടുപിന്നാലെ മൂന്ന് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്ടറുകളും തുടര്‍ന്ന് യുദ്ധ ഹെലികോപ്ടറുകളും പറന്നെത്തി.അതിന് പിന്നാലെയെത്തിയത് ഡോര്‍ണിയര്‍ വിമാനമായിരുന്നു. ശേഷം ഇന്ത്യന്‍ നാവിക കപ്പല്‍ സുനൈനയെത്തി വെടിയുതിര്‍ത്തു. സാഹസികമായി ഹെലികോപ്ടര്‍ ഐ.എന്‍.എസ് ശാര്‍ദയില്‍ ഇറങ്ങുന്ന രംഗമായിരുന്നു അടുത്തത്. വെള്ളത്തില്‍വീണ ജീവനുകളെ രക്ഷിക്കാന്‍ ചേതക്, അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്ടറുകളുടെ നീക്കമായിരുന്നു പിന്നീട്.ഹെലികോപ്ടറുകളില്‍നിന്ന് തൂങ്ങിയിറങ്ങി വെള്ളത്തില്‍നിന്ന് ആളുകളെ ഉയര്‍ത്തി സുരക്ഷിതരായി എത്തിച്ചു. ജലവിതാനത്തില്‍നിന്ന് 10 മീറ്റര്‍ മാത്രം ഉയരെ ഹെലികോപ്റ്റര്‍ പറത്തി നടത്തിയ മറൈന്‍ കമാന്‍ഡോകളുടെ രക്ഷാപ്രവര്‍ത്തനവും ശ്വാസമടക്കിപ്പിടിച്ചുനിന്നാണ് കാണികള്‍ വീക്ഷിച്ചത്.ജീപ്പ് വഹിച്ചുകൊണ്ട് പറന്നാണ് സീക്കിങ് ഹെലികോപ്ടര്‍ കാര്‍ഗോ ലിഫ്റ്റ് പ്രകടനം നടത്തിയത്. കാഡറ്റുകളുടെ പരേഡും നൃത്തപരിപാടികളും ഇതിന്‍റെ ഭാഗമായി നടന്നു. ദക്ഷിണ നാവികസേന തലവന്‍ വൈസ് അഡ്മിറല്‍ ഹംപി ഹോളി പങ്കെടുത്തു.