വനമേഖലയിലും സമീപപ്രദേശങ്ങളിലും താമസിക്കുന്ന ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള റീബില്‍ഡ് കേരള പദ്ധതിയില്‍ ജില്ലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചു


ഇടുക്കി: വനമേഖലയിലും സമീപപ്രദേശങ്ങളിലും താമസിക്കുന്ന ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള റീബില്‍ഡ് കേരള പദ്ധതിയില്‍ ജില്ലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചു.വനംവകുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലനില്‍ക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. വനംവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നവംബറില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലെ തീരുമാനപ്രകാരമാണ് യോഗം ചേര്‍ന്നത്.പ്രകൃതി ദുരന്തങ്ങളുടെയും വന്യജീവി ആക്രമണങ്ങളുടെയും പശ്ചാത്തലത്തിലാണ് വനമേഖലയില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്ന പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചതെന്ന് സബ് കളക്ടര്‍ അരുണ്‍ എസ്. നായര്‍ പറഞ്ഞു. വനമേഖലയില്‍ ഭൂമിയുള്ള പ്രദേശവാസികളല്ലാത്തവര്‍ ഈ പദ്ധതി ദുരുപയോഗപ്പെടുത്തുകയും ശരിക്കും പ്രദേശവാസികളായവര്‍ ഭൂമി വിട്ടുകൊടുക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ പദ്ധതി നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നയപരമായ തീരുമാനം എടുക്കണമെന്ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി യോഗത്തില്‍ ആവശ്യപ്പെട്ടു.പദ്ധതിയില്‍ ആവശ്യമായ ഭേദഗതി വരുത്തിയാല്‍ മതിയാകുമെന്ന ആവശ്യവും യോഗത്തിലുയര്‍ന്നു. എന്നാല്‍ നിലവില്‍ സര്‍ക്കാര്‍ ഉത്തരവുള്ളതിനാല്‍ പുനരധിവാസ പദ്ധതി പ്രകാരം അപേക്ഷ ലഭിച്ചാല്‍ നടപടി എടുക്കേണ്ടിവരുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ വനമേഖലയില്‍ ആളുകളെ ഒഴിപ്പിക്കുന്നതിന് പകരം വനത്തില്‍ ഒഴിഞ്ഞ് കിടക്കുന്ന എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുകയാണ് വകുപ്പ് ചെയ്യേണ്ടതെന്ന് വാഴൂര്‍ സോമന് എം.എല്‍.എ. ആവശ്യപ്പെട്ടു.
വനമേഖലയിലൂടെയുള്ള റോഡുകളുടെ കാര്യത്തില്‍ അനാവശ്യ തടസ്സങ്ങള്‍ ഉന്നയിക്കരുതെന്ന് യോഗത്തില്‍ ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ആലുവ-മൂന്നാര്‍ പഴയ റോഡ് വീണ്ടും തുറക്കാനുള്ള തീരുമാനത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആശങ്ക അറിയിച്ചു. പ്രദേശം ജൈവ സമ്ബന്നമായ വനമാണെന്നും ആനകളുടെ വിഹാരകേന്ദ്രമാണെന്നും അവര്‍ വ്യക്തമാക്കി. പ്രസ്തുത റോഡിന്റെ കാര്യത്തില്‍ സര്‍ക്കാരാണ് ഉചിതമായ തീരുമാനം എടുക്കേണ്ടതെന്ന് ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.വന്യജീവി ആക്രമണങ്ങള്‍ തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ വിശദമായ സ്പെഷല്‍ പ്രൊജക്ടായി തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടപടികള്‍ സ്വീകരിക്കുന്ന ആവശ്യത്തിന് ജീവനക്കാരോ വേണ്ടത്ര വാഹനങ്ങളോ ലഭ്യമല്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.സൗരോര്‍ജ വേലികള്‍ അടക്കമുള്ളവ പഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തി നിര്മിക്കാനാവുമോ എന്ന സാധ്യത പരിശോധിക്കണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നല്കാന് ഫണ്ട് ഇല്ലാത്തതും ആളുകള്‍ രേഖകള്‍ ഹാജരാക്കാത്തതും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.