ദേശാഭിമാനി എണ്‍പതാം വാര്‍ഷികാഘോഷ വേദിയില്‍ പ്രൊഫ. എം കെ സാനുവിനേയും ദേശാഭിമാനി മുന്‍ ജനറല്‍ എഡിറ്റര്‍ കെ മോഹനനേയും ആദരിച്ചു


കൊച്ചി> ദേശാഭിമാനി എണ്‍പതാം വാര്‍ഷികാഘോഷ വേദിയില്‍ പ്രൊഫ. എം കെ സാനുവിനേയും ദേശാഭിമാനി മുന്‍ ജനറല്‍ എഡിറ്റര്‍ കെ മോഹനനേയും ആദരിച്ചു.എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നടന്ന സാംസ്കാരിക സമ്മേളന വേദിയില്‍ വ്യവസായ മന്ത്രി പി രാജീവ് പൊന്നാടയണിച്ച് ഉപഹാരം നല്‍കി.സാനുമാസ്റ്റര്‍ അദ്ദേഹത്തിന്റെ പ്രസംഗം അവസാനിപ്പിച്ചത് ഒരു വൃദ്ധന്റെ പ്രസംഗം എന്ന് പറഞ്ഞാണെങ്കിലും ചെറുപ്പക്കാരന്റെ ആശയങ്ങളും ഊര്‍ജ്ജവുമാണ് ആ വാക്കുകളിലുണ്ടായിരുന്നതെന്ന് പി രാജീവ് പറഞ്ഞു. ഏറെ കാലം ദേശാഭിമാനിക്ക് കരുത്തായിരുന്ന, പ്രതിസന്ധികള്‍ നിറഞ്ഞ അടിയന്തരാവസ്ഥയില്‍ ദേശാഭിമാനി പത്രത്തെ മുന്നോട്ടുനയിച്ച കരങ്ങളാണ് കെ മോഹനന്റെത് എന്നും മന്ത്രി പറഞ്ഞു. ദേശാഭിമാനിയില്‍ കെ മോഹനന്‍ ജനറല്‍ എഡിറ്ററായിരിക്കെ റെസിഡന്‍റ് എഡിറ്ററായി ചുമതലയേറ്റ അനുഭവത്തെക്കുറിച്ചും പി രാജീവ് പറഞ്ഞു.സാമൂഹ്യമാറ്റത്തിനുള്ള പോരാട്ടത്തിന് ഏറ്റവും വലിയ തുണയാണ് ദേശാഭിമാനിയെന്ന് എം കെ സാനു പറഞ്ഞു.ഡോ. സുനില്‍ പി ഇളയിടം, എസ് ശര്‍മ, ബാലചന്ദ്രന്‍ ചുള്ളിക്കാട്, എസ് സതീഷ്, സിജു വിത്സന്‍, ദേശാഭിമാനി ജനറല്‍ മാനേജര്‍ സിജു വിത്സണ്‍ എന്നിവര്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നിരുന്നു.