കുട്ടികളുടെ അവകാശങ്ങള്സംരക്ഷിക്കപ്പെടണം: ജില്ലാ കളക്ടര്‍
ജനിച്ചു വീഴുമ്പോള്‍ മുതല്‍ കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്നും അത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്.
വനിതാ ശിശു വികസന വകുപ്പിന്റെയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ കുഞ്ചിത്തണ്ണി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച ബാലാവകാശ വാരാചരണത്തിന്റെ ജില്ലാതല സമാപന യോഗവും സംവാദവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍.
കുട്ടികളുടെ അവകാശങ്ങള്‍ ആദ്യം വീടുകളിലും പിന്നീട് സ്കൂളിലും തുടര്‍ന്ന് സമൂഹത്തിലും സംരക്ഷിക്കപ്പെടണം. ബാലാവകാശം കുട്ടികളുടെ അതിജീവനത്തിന്റെയും പുരോഗതിയുടെയും ഭാഗമാണെന്നും കളക്ടര്‍ പറഞ്ഞു.
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടികളുടെ ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും പാര്‍പ്പിടത്തിനും ധനസഹായം നല്കുന്നതിനായുള്ള ‘ബാല നിധി’ പദ്ധതിയിലേക്ക് സംഭാവന നല്‍കുന്നതിനായി തയ്യാറാക്കിയ ക്യൂ.ആര് കോഡിന്റെ പ്രകാശനവും ജില്ലാ കളക്ടര്‍ നിര്‍വഹിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഗീത എം.ജി ക്യു.ആര് കോഡ് സ്കാന്‍ ചെയ്ത് ആദ്യ സംഭാവന നല്കി. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം പുഷ്പലത എം.എന്‍. അധ്യക്ഷത വഹിച്ചു.
തുടര്‍ന്ന് ‘ കുട്ടികള്‍ക്കൊപ്പം’ എന്ന പേരില്‍ കുട്ടികളുമായി സംവാദം സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, എന്‍ഫോഴ്സ്മെന്റ് ആര്. ടി. ഒ. പി. എ. നസീര്‍, ക്രൈം ബ്രാഞ്ച് ഡിവൈ. എസ്. പി. ഷൈജു ടി. കെ., മൂന്നാര്‍ എക്സൈസ് റേഞ്ച് സി. ഐ. രാജീവ് പി. എന്നിവര്‍ കുട്ടികളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്കി. നവംബര്‍ 14 ന് ആരംഭിച്ച ബാലാവകാശ വരാചരണത്തിന് ഇതോടെ സമാപനമായി.
ഗവ. എച്ച്. എസ.് എസ്. പ്രിന്‍സിപ്പല്‍ രാജ് കൃഷ്ണന്, ഗവ. വി. എച്ച്. എസ്. ഇ. പ്രിന്‍സിപ്പല്‍ ജയന് പി.എല്‍., പ്രധാനധ്യാപിക മോളി പീറ്റര്‍ എന്നിവരും പങ്കെടുത്തു.