വത്തിക്കാന്‍റെ അംഗീകാരമില്ലാത്ത രൂപതയില്‍ ബിഷപ്പിനെ വാഴിച്ച ചൈനയുടെ നടപടി രൂക്ഷവിമര്‍ശനത്തിനിടയാക്കി

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍റെ അംഗീകാരമില്ലാത്ത രൂപതയില്‍ ബിഷപ്പിനെ വാഴിച്ച ചൈനയുടെ നടപടി രൂക്ഷവിമര്‍ശനത്തിനിടയാക്കി. ജിയാംഗ്സി രൂപതയുടെ സഹായമെത്രാനായി മോണ്‍. ജിയോവാന്നി പെംഗ് വെയ്ഷാവോയെ 24ന് നിയമിച്ച നടപടിയില്‍ കടുത്ത ഞെട്ടലും ഖേദവും പ്രകടിപ്പിക്കുന്നതായി വത്തിക്കാന്‍ അറിയിച്ചു. ബിഷപ്പുമാരുടെ നിയമനവും അംഗീകാരവും സംബന്ധിച്ച് 2018ല്‍ വത്തിക്കാനും ചൈനയും തമ്മിലുണ്ടാക്കിയ കരാറിന്‍റെ ലംഘനമാണിതെന്നും ചൂണ്ടിക്കാട്ടി. വത്തിക്കാന്‍റെ അംഗീകാരമുള്ള യുജിയാംഗ് രൂപതയില്‍ 2014ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ച മെത്രാനാണ് മോണ്‍. ജിയോവാന്നി പെംഗ്. ആറു മാസം മുന്പ് ചൈനീസ് അധികൃതര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്തിരുന്നു. അടുത്തിടെ മോചിതനായ അദ്ദേഹം തുടര്‍ന്ന് ചൈനീസ് സര്‍ക്കാരിന്‍റെ പക്ഷം ചേരുകയായിരുന്നു. ഇതിനു പിന്നില്‍ കടുത്ത സമ്മര്‍ദമുണ്ടായെന്നു വത്തിക്കാന്‍ ചൂണ്ടിക്കാട്ടി. അദ്ദേഹത്തെ ചൈനീസ് സര്‍ക്കാര്‍ വാഴിച്ചിരിക്കുന്ന ജിയാംഗ്സി രൂപതയ്ക്കു വത്തിക്കാന്‍റെ അംഗീകാരമില്ലെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നില്ലെന്നു പ്രതീക്ഷിക്കുന്നതായും വത്തിക്കാന്‍ കൂട്ടിച്ചേര്‍ത്തു. ചൈനയിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനു വഴങ്ങി പ്രവര്‍ത്തിക്കുന്നതും മതസ്വാതന്ത്ര്യം പണയം വയ്ക്കാതെ വത്തിക്കാനു കീഴ്പ്പെട്ടു പ്രവര്‍ത്തിക്കുന്നതുമായ രണ്ടു കത്തോലിക്കാ സഭകള്‍ ചൈനയിലുണ്ട്. ചൈനീസ് സഭകളിലെ ബിഷപ്പുമാരുടെ നിയമനവും അംഗീകാരവും സംബന്ധിച്ച് നാലു വര്‍ഷം മുന്പ് വത്തിക്കാനും ചൈനയും തമ്മില്‍ കരാറുണ്ടാക്കിയിരുന്നു. ചൈനീസ് സഭ നിര്‍ദേശിക്കുന്നവരില്‍നിന്ന് ബിഷപ്പിനെ കണ്ടെത്താനുള്ള അധികാരം മാര്‍പാപ്പയില്‍ നിക്ഷിപ്തിമാണ്.