സർക്കാരിനെതിരെ ഇടുക്കി ജില്ലയുടെ പ്രതിക്ഷേതം.ഹർത്താൽ 28 ന്
ഭൂ നിയമങ്ങൾ കാലോചിതമായി ഭേദഗതി ചെയ്യുക, കേരളത്തിൽ സീറോ ബഫർസോൺ എന്ന യുഡിഎഫ് തീരുമാനം പുനഃ സ്ഥാപിക്കുക, കെട്ടിട നിർമ്മാണ നിരോധന ഉത്തരവുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് യുഡിഎഫ് 28ന് നടത്തുന്ന ഹർത്താൽ ഇടതുപക്ഷ ഗവൺമെന്റിന്റെ ഇടുക്കിയിലെ ജനങ്ങളോടുള്ള വിശ്വാസ വഞ്ചനയ്ക്കും വിവേചനത്തിനും എതിരെയുള്ള ശക്തമായ താക്കീത് ആയിരിക്കുമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴിയും കൺവീനർ പ്രൊഫ എം ജെ ജേക്കബും അറിയിച്ചു. 22.08.2019 ലെ ഇടുക്കി ജില്ലയിലെ 8 വില്ലേജുകളിലെ കെട്ടിട നിർമ്മാണം നിരോധിച്ചു കൊണ്ടുള്ള ഗവൺമെന്റ് ഉത്തരവ് പിന്നീട് ജില്ലയ്ക്ക് മുഴുവൻ ബാധകമാക്കിയപ്പോൾ ജില്ലയുടെ വികസന പ്രവർത്തനങ്ങളുടെ മരണമണി മുഴങ്ങി. 1964- ലെയും 1993- ലെയും ഭൂ നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിനുള്ള 17.12.2019 ലെ മുഖ്യമന്ത്രിയുടെ ഉറപ്പ് മൂന്നുവർഷം പിന്നിടുമ്പോഴും വെറും പ്രഖ്യാപനം മാത്രമായി അവശേഷിക്കുകയാണ്. നിയമങ്ങൾ ഉണ്ടാക്കിയത് കോൺഗ്രസ് ഗവൺമെന്റ് ആയതുകൊണ്ട് കോൺഗ്രസ് ആണ് പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്ന് ഇടതുപക്ഷ വാദം ബാലിശമാണ്. കോൺഗ്രസ് രൂപകൽപ്പന ചെയ്ത ഭരണഘടന പോലും കാലാനുസൃതമായി 108 പ്രാവശ്യം ഭേദഗതി ചെയ്തിട്ടുണ്ടെന്ന വസ്തുത മനസ്സിലാക്കി കൊണ്ടുവേണം ആരോപണം ഉന്നയിക്കുന്നത്. അധികാരത്തിൽ ഇരിക്കുന്ന ഗവൺമെന്റ് കാലാകാലങ്ങളിൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാത്തതുമൂലം ജില്ലയിൽ ഉണ്ടായിരിക്കുന്ന അരക്ഷിതാവസ്ഥയ്ക്കുള്ള ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയിൽ കെട്ടിവെച്ച് തലയൂരാൻ ഗവൺമെന്റിനെ ജനങ്ങൾ അനുവദിക്കുകയില്ല.
28 ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ നടത്തുന്ന ഹർത്താലിൽ എല്ലാവരും സഹകരിക്കണമെന്ന് നേതാക്കന്മാർ അറിയിച്ചു. ശബരിമല തീർത്ഥാടകർ,വിവാഹം, പാൽ വിതരണം, പത്രം എന്നിവയെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.