കുട്ടികൾക്കിടയിൽ മീസിൽസ് വ്യാപനം; കേന്ദ്രം ഉന്നതതല സമിതിയെ നിയോഗിച്ചു
ന്യൂഡൽഹി: രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും കുട്ടികൾക്കിടയിൽ മീസിൽസ് പടരുന്ന പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉന്നതതല സമിതിയെ നിയോഗിച്ചു. റാഞ്ചി, അഹമ്മദാബാദ്, മലപ്പുറം എന്നിവിടങ്ങളിൽ മീസിൽസ് കേസുകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ മൂന്നംഗ ഉന്നതതല സമിതിയെയാണ് നിയോഗിച്ചത്.
രോഗം പടരുന്ന സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ പരിശോധിക്കുന്നതിനും ആവശ്യമായ നിയന്ത്രണ നടപടികൾ സുഗമമാക്കുന്നതിനും സമിതി സംസ്ഥാന ആരോഗ്യ അധികാരികളെ സഹായിക്കും. നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ, ന്യൂഡൽഹിയിലെ റാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരാണ് റാഞ്ചി സംഘത്തിലുള്ളത്. ന്യൂഡൽഹിയിലെ കലാവതി ശരൺ ചിൽഡ്രൻസ് ഹോസ്പിറ്റൽ, കേന്ദ്ര ആരോഗ്യ സാമൂഹിക ക്ഷേമ മന്ത്രാലയം എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരാണ് അഹമ്മദാബാദ് സംഘത്തിലുള്ളത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ തിരുവനന്തപുരത്തെ റീജിയണൽ ഓഫീസ്, പുതുച്ചേരിയിലെ ജിപ്മർ, ന്യൂഡൽഹിയിലെ എൽഎച്ച്എംസി എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരെയാണ് മലപ്പുറത്തേക്ക് നിയോഗിച്ചത്.
സമിതിയിലെ അംഗങ്ങൾ രോഗവ്യാപനമുള്ള സ്ഥലങ്ങൾ സന്ദർശിച്ച് രോഗവ്യാപനം തടയാൻ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് സംസ്ഥാന ആരോഗ്യവകുപ്പിന് ആവശ്യമായ സഹായം നൽകും.