നിയമസഭാ തിരഞ്ഞെടുപ്പ്; ജില്ലയില്‍ തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ഇന്ന്
നിയമസഭാ തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ഇന്ന്് (തിങ്കളാഴ്ച്ച) രാവിലെ എട്ട് മണിയ്ക്ക് തുടങ്ങും. ജില്ലയില്‍ അഞ്ച് വിതരണ കേന്ദ്രങ്ങളാണുള്ളത്. ഇടുക്കി – എം.ആര്‍.എസ്. പൈനാവ്, പീരുമേട് – മരിയഗിരി ഇംഗ്ലീഷ് മീഡിയം എച്ച്എസ്എസ് പീരുമേട്, തൊടുപുഴ – ന്യൂമാന്‍ കോളേജ് തൊടുപുഴ, ദേവികുളം – ജിവിഎച്ച്എസ്എസ് മൂന്നാര്‍, ഉടുമ്പന്‍ചോല – സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്എസ് നെടുങ്കണ്ടം എന്നിവയാണ് ജില്ലയിലെ വിതരണ കേന്ദ്രങ്ങള്‍. വിതരണ കേന്ദ്രത്തിലേക്കും അവിടെ നിന്ന് ബൂത്തുകളിലേക്കുമുള്ള വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വിതരണ കേന്ദ്രങ്ങളില്‍ തിരക്ക് ഒഴിവാക്കുന്നതിന് പ്രത്യേകം കൗണ്ടറുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടിംഗ് മെഷീനുമായി പോകുന്ന സെക്ടറല്‍ ഓഫീസര്‍മാരെ നിരീക്ഷിക്കാന്‍ ഇ-ട്രേസ് സംവിധാനവും ഉണ്ട്. 562 ബുത്തുകളില്‍ വെബ്കാസ്റ്റിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ജില്ലയില്‍ ആകെ 1292 ബൂത്തുകളാണുള്ളത്. ഇതില്‍ 289 എണ്ണം അനുബന്ധ ബൂത്തുകളാണ്. 1000 ത്തില്‍ കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്തുക്കകള്‍ക്കാണ് അനുബന്ധ ബൂത്തുകള്‍ ഉള്ളത്. ബൂത്തുകളുടെ എണ്ണം മണ്ഡലം തിരിച്ച്. (ബ്രാക്കറ്റില്‍ അനുബന്ധ ബൂത്തുകള്‍). ഉടുമ്പന്‍ചോല – 232 (39), ദേവികുളം – 254 (59), ഇടുക്കി – 274 (78), തൊടുപുഴ – 271 (55), പീരുമേട് – 261 (58).
കൊവിഡ് മാനദണ്ഡം പാലിച്ചാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. പോളിംഗ് ദിവസം വൈകിട്ട് ആറു മണി മുതല്‍ ഏഴു മണി വരെ സാധാരണ വോട്ടര്‍മാര്‍ പോയ ശേഷം കൊവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാനും അവസരമുണ്ട്.