വോട്ടര്‍ പട്ടിക പുതുക്കല്‍:സ്‌പെഷ്യല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും
പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍-2023 നോടനുബന്ധിച്ച് 2022 നവംബര്‍ 26, 27, ഡിസംബര്‍ 3, 4 തീയതികളില്‍ താലൂക്ക് തലത്തിലും വില്ലേജ് തലത്തിലും സവിശേഷ ദുര്‍ബല ഗോത്രവിഭാഗങ്ങള്‍ ഉള്ള (പി.വി.ടി.ജി.)സ്ഥലങ്ങളില്‍ ബൂത്ത് തലത്തിലും ഇലക്ഷന്‍ വിഭാഗം സ്‌പെഷ്യല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.
17 വയസ്സ് പൂര്‍ത്തിയായ എല്ലാവര്‍ക്കും മുന്‍കൂറായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും വോട്ടര്‍മാര്‍ക്ക് വോട്ടര്‍ പട്ടിക പരിശോധിച്ച് അവരുടെ പ്രാതിനിധ്യം ഉറപ്പുവരുത്താനും പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കില്‍ വീണ്ടും പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനും ക്യാമ്പുകളില്‍ സൗകര്യം ഉണ്ടായിരിക്കും. കൂടാതെ വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കാനും ക്യാമ്പില്‍ സൗകര്യം ലഭിക്കും. വോട്ടര്‍ പട്ടിക സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കാനും വോട്ടര്‍ പട്ടികയിലെ തെറ്റ് തിരുത്താനും ക്യാമ്പുകളില്‍ ബൂത്ത് ലെവല്‍ ഏജന്റുമാരുടെ (ബി.എല്‍.എ) സേവനവും ഉണ്ടായിരിക്കും. എല്ലാ വോട്ടര്‍മാരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.