30 വര്‍ഷം പഴക്കമുള്ള ഭ്രൂണങ്ങളില്‍ നിന്ന് ഇരട്ടക്കുട്ടികളെ സ്വീകരിച്ച് യു. എസ് ദമ്പതികൾ
ന്യൂയോര്‍ക്ക്: 30 വര്‍ഷം മുമ്പ് 1992 ഏപ്രില്‍ മുതല്‍ ഫ്രീസ് ചെയ്ത് സൂക്ഷിച്ച ഭ്രൂണങ്ങളില്‍ നിന്ന് യു.എസ് ദമ്പതികൾ ഇരട്ടക്കുട്ടികളെ സ്വീകരിച്ചു.
ലോക ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും പഴക്കമുള്ള ഭൂണങ്ങളില്‍ നിന്ന് പൂര്‍ണ വളര്‍ച്ചയുള്ള കുഞ്ഞുങ്ങളുണ്ടാകുന്നത്. 27 വര്‍ഷത്തോളം മരവിച്ച ഭ്രൂണത്തില്‍ നിന്ന് 2020ല്‍ ജനിച്ച മോളി ഗിബ്‌സണ്‍ ആയിരുന്നു ഇതുവരെയുള്ള റെക്കോഡ്.
‘ലോകത്തിലെ ഏറ്റവും പ്രായമുള്ള കുഞ്ഞുങ്ങള്‍’ എന്ന് വിളിക്കപ്പെടുന്ന ഇരട്ടകള്‍ ഒക്ടോബര്‍ 31നായിരുന്നു പിറന്നത്. റേച്ചല്‍ റിഡ്ജ്‌വേ, ഫിലിപ്പ് റിഡ്ജ്‌വേ ദമ്ബതികളുടെ ഇരട്ടക്കുട്ടികള്‍ക്ക് ലിഡിയ, തിമോത്തി റിഡ്ജ്‌വേ എന്നാണ് പേര് നല്‍കിയതെന്ന് നാഷനല്‍ എംബ്രിയോ ഡൊണേഷന്‍ സെന്റര്‍ അറിയിച്ചു. പെണ്‍കുഞ്ഞ് ലിഡിയക്ക് 2.5 കി.ഗ്രാമും ആണ്‍കുഞ്ഞ് തിമോത്തിക്ക് 2.92 കിലോ ഗ്രാമുമാണ് പ്രസവസമയത്തെ തൂക്കം.
ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐ.വി.എഫ്) വഴി വിജയകരമായി കുഞ്ഞുങ്ങളെ പ്രസവിച്ച ശേഷം അധിക ഭ്രൂണങ്ങളുള്ള മാതാപിതാക്കള്‍ ഭ്രൂണദാനം നടത്തുകയും ഇവ സൂക്ഷിച്ചുവയ്ക്കുകയുമാണ് ചെയ്യുന്നത്. ഇത്തരത്തില്‍ 30 വര്‍ഷങ്ങള്‍ക്ക് മുമ്ബ് (1992 ഏപ്രില്‍ 22) അജ്ഞാത ദാതാവ് നല്‍കിയ ഭ്രൂണമാണ് ഇപ്പോള്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. മൈനസ് 200 ഡിഗ്രി സെല്‍ഷ്യസില്‍ വെസ്റ്റ് കോസ്റ്റ് ഫെര്‍ട്ടിലിറ്റി ലാബില്‍ സംരക്ഷിച്ചുവന്നിരുന്ന ഇവ 2007ല്‍ നാഷനല്‍ എംബ്രിയോ ഡൊണേഷന്‍ സെന്ററിന് കൈമാറുകായിരുന്നു. പിന്നെയും 15 വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞ ശേഷമാണ് പൂര്‍ണ വളര്‍ച്ചയെത്തിയ കുഞ്ഞുങ്ങളായി ലിഡിയയും തിമോത്തിയും പിറവിയെടുക്കുന്നത്.
ലിഡിയയ്ക്കും തിമോത്തിക്കും ദൈവം ജീവന്‍ നല്‍കുമ്ബോള്‍ തനിക്ക് അഞ്ച് വയസ്സായിരുന്നുവെന്നും ‘പിതാവ്’ പറഞ്ഞു.