മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് റൊണാൾഡോ; തീരുമാനം പരസ്പര ധാരണപ്രകാരം
മാഞ്ചസ്റ്റർ: പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു. പരസ്പര ധാരണയോടെയാണ് താരം ക്ലബ് വിടുന്നതെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ പ്രതികരിച്ചു. ഓൾഡ് ട്രാഫോർഡിലെ പ്രകടനത്തിന് നന്ദിയെന്ന് യുണൈറ്റഡ് ട്വീറ്റ് ചെയ്തു.
മാഞ്ചസ്റ്റർ യുണൈറ്റഡിലെ ചിലർ തന്നെ വഞ്ചിച്ചുവെന്നും കോച്ച് എറിക് ടെൻ ഹാഗിനോട് തനിക്ക് യാതൊരു ബഹുമാനവുമില്ലെന്നും റൊണാൾഡോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. താൻ പുറത്തുകടക്കാൻ ശ്രമിക്കുകയാണെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ റൊണാൾഡോ പറഞ്ഞു. തന്നെ ക്ലബ്ബിൽ നിന്ന് പുറത്താക്കാൻ ശ്രമം നടക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, പരിശീലകൻ എറിക് ടെൻ ഹാഗും ക്ലബ്ബിന്‍റെ രണ്ടോ മൂന്നോ ആളുകളും തനിക്കെതിരെ പ്രവർത്തിക്കുന്നുണ്ടെന്നും തനിക്ക് എറികിനോട് ബഹുമാനമില്ലെന്നും റൊണാൾഡോ പറഞ്ഞു.
ജനുവരി ട്രാൻസ്ഫറിൽ താരം ടീം വിട്ടേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനിടയിൽ പരിശീലകനെ കടുത്ത ഭാഷയിൽ വിമർശിച്ച് റൊണാൾഡോ രംഗത്തെത്തി. “ഞാൻ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാൻ ആഗ്രഹിക്കാത്ത ആളുകൾ ക്ലബിലുണ്ട്. കഴിഞ്ഞ വർഷവും ഉണ്ടായിരുന്നു. കോച്ച് എറിക് ടെൻ ഹാഗിനോട് എനിക്ക് യാതൊരു ബഹുമാനവുമില്ല. എന്നെ ബഹുമാനിക്കാത്തവരെ ഞാൻ ബഹുമാനിക്കുന്നില്ല.” എന്നായിരുന്നു റൊണാൾഡോയുടെ പ്രതികരണം.