അര്‍ജന്റീനയുടെ കളിയുള്ളതിനാൽ മകന് ലീവ് നൽകണം; ലോകകപ്പ് ആവേശത്തിൽ അച്ഛനും മകനും
കോഴിക്കോട്: കഴിഞ്ഞ ദിവസം ഒരു ലീവ് ലെറ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അർജന്റീന ടീമിന്റെ കടുത്ത ആരാധകനായ മകന് വേണ്ടി അച്ഛൻ എഴുതിയ ലീവ് ലെറ്റർ ആണത്. ചൊവ്വാഴ്ച വൈകിട്ട് 3.30ന് അർജന്റീനയും സൗദി അറേബ്യയും തമ്മിലുള്ള മത്സരം കാണാൻ മകന് അവധി നൽകണമെന്നാണ് കത്തിൽ പറയുന്നത്. നിമിഷനേരം കൊണ്ടാണ് കത്ത് വൈറലായത്.
കോഴിക്കോട് ഗോവിന്ദപുരം സ്വദേശി സുനിൽകുമാറും അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ പാര്ത്ഥിവുമാണ് കഥയിലെ അച്ഛൻ-മകൻ ജോഡി. ‘കളി ഉണ്ടെന്നും സ്കൂളിൽ പോകില്ലെന്നും ഒരാഴ്ച മുമ്പ് അവൻ എന്നോട് പറഞ്ഞിരുന്നു. ഞാൻ ടീച്ചറോട് പറയാൻ പറഞ്ഞു. അച്ഛന്റെ സമ്മത പത്രം ഉണ്ടെങ്കിൽ ലീവ് നൽകാമെന്ന് ടീച്ചർ അവനോട് പറഞ്ഞു. അവൻ വന്ന് എന്നോടത് പറഞ്ഞു. ഞാനത് കാര്യമാക്കിയില്ല. കഴിഞ്ഞ വെള്ളിയാഴ്ച അവൻ വന്ന് ലീവ് ലെറ്റർ വേണമെന്ന് പറഞ്ഞു. ഞാൻ ഒരു മണിക്ക് വരാമെന്നും എന്തെങ്കിലും നുണ പറയാമെന്നും പറഞ്ഞു. പക്ഷേ, അവൻ അതിന് സമ്മതിച്ചില്ല. അര്‍ജന്റീനയുടെ കളി ഉള്ളതുകൊണ്ട് തനിക്ക് ലീവ് വേണമെന്ന് എഴുതാൻ അവൻ പറഞ്ഞു. ഇന്നലെ രാവിലെ പേനയും കടലാസുമായി വന്നു.’ അങ്ങനെയാണ് ലീവ് ലെറ്റർ എഴുതിയതെന്ന് സുനിൽ കുമാർ പറഞ്ഞു.
അർജന്റീനയുടെ കടുത്ത ആരാധകനാണ് പാർത്ഥിവ്. കഴിഞ്ഞ ലോകകപ്പിൽ നിന്നാണ് ഈ ആവേശം ആരംഭിച്ചത്. മകൻ അർജന്റീനയുടെ ചെറിയ പതാകകളും നീലയും വെളുപ്പും തോരണങ്ങളും ഉപയോഗിച്ച് വീട് അലങ്കരിച്ചിട്ടുണ്ടെന്നും സുനിൽ കുമാർ പറഞ്ഞു.