മരുന്നിലെ വ്യാജനെ തടയാൻ രാജ്യത്തെ 300 മരുന്ന് ബ്രാൻഡുകൾക്ക് ബാർകോഡ് നിർബന്ധമാക്കി കേന്ദ്രസർക്കാർ

മരുന്ന് പായ്ക്കറ്റിനുമുകളിൽ ബാർകോഡ് അല്ലെങ്കിൽ ക്യൂ.ആർ. കോഡ് രേഖപ്പെടുത്തണമെന്ന വ്യവസ്ഥ രാജ്യത്ത് നടപ്പാക്കുന്നു. ഇതുസംബന്ധിച്ച് ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിൽ ഭേദഗതി വരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിറക്കി. കൂടുതൽ വിറ്റഴിയുന്ന 300 ബ്രാൻഡുകളിലാണ് ആദ്യഘട്ടത്തിൽ വ്യവസ്ഥ നടപ്പാക്കുക.
ഈ മരുന്നുകളുടെ പട്ടിക സർക്കാർ ഉത്തരവിനൊപ്പം പുറത്തുവിട്ടു. ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിൽ എട്ടാം ഭേദഗതിയിൽ എച്ച് 2 എന്ന വിഭാഗത്തിലാണിത് ഉൾപ്പെടുത്തിയത്. 2023 ഓഗസ്റ്റ് ഒന്നിന് ശേഷം ഈ ഉത്പന്നങ്ങളിൽ ബാർകോഡ്/ക്യൂ.ആർ. കോഡ് നിർബന്ധമാണ്. വിവിധ ഘട്ടങ്ങളായി മറ്റ് ബ്രാൻഡുകൾക്കും നിയമം ബാധകമാക്കും.
നിയമം നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ മരുന്ന് കമ്പനികൾ ചൂണ്ടിക്കാണിച്ചതിനെത്തുടർന്നാണ് ഓഗസ്റ്റ് വരെ സമയം അനുവദിച്ചത്. ഡ്രഗ്സ് ടെക്നിക്കൽ അഡൈ്വസറി ബോർഡുമായി ആശയവിനിമയം നടത്തിയാണ് സർക്കാർ തീരുമാനത്തിലെത്തിയത്.വ്യാജമരുന്നുകളും നിലവാരമില്ലാത്ത മരുന്നുകളും നിയന്ത്രിക്കുകയാണ് ബാർ കോഡ് അല്ലെങ്കിൽ ക്യൂ.ആർ. കോഡ് ഏർപ്പെടുത്തുന്നതിന്റെ ലക്ഷ്യം. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുമായി വിഷയം വിശദമായി ചർച്ചചെയ്തിരുന്നു.
രാജ്യത്ത് പല കമ്പനികളും കരാർ നിർമാണത്തിൽ ഏർപ്പെടുന്നുണ്ട്. ഉത്പാദകരും വിതരണക്കാരും വേറെ വേറെ കമ്പനികളായിരിക്കും. ഉത്പാദകരുടെയും വിതരണക്കാരുടെയും വിവരങ്ങൾ ബാർ കോഡിൽ രേഖപ്പെടുത്തുന്നതുവഴി കൃത്യമായ വിവരങ്ങൾ ലഭ്യമാകും.
ഉത്പന്നം തിരിച്ചറിയാനുള്ള കോഡ് , മരുന്നിന്റെ ജനറിക് നാമം, ബ്രാൻഡ്, ബാച്ച് നമ്പർ , നിർമിച്ച തീയതി, കാലാവധി , ഉത്പാദകരുടെ ലൈസൻസ് വിവരം എന്നിവ ഓരോ സ്ട്രിപ്പിലും ഇലക്ട്രോണിക് രീതിയിൽ രേഖപ്പെടുത്തിയ വരകളാണ് ബാർകോഡ്.