മുഖ്യമന്ത്രിയെ ഗവർണർ ഭരണഘടന പഠിപ്പിക്കും – എസ് സുരേഷ്
ഭരണഘടന എന്നാൽ “കുന്തവും കുടച്ചക്രവും അല്ല ” എന്ന് മുഖ്യമന്ത്രി പിണറായി വിജയനെ പഠിപ്പിക്കാൻ ആരിഫ് മുഹമ്മദ് ഖാൻ വേണ്ടിവന്നു എന്ന് ബി ജെ പി സംസ്ഥാന സെക്രട്ടറി എസ് സുരേഷ് .സംസ്ഥാന സർക്കാരിന്റെ അഴിമതിക്കും സ്വജനപക്ഷ പാദത്തിനുമെതിരെ ബി ജെ പി ഇടുക്കി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ വെള്ളിയാഴ്ച അടിമാലിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള അഴിമതി നടക്കുന്നതും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി അഴിമതിയുടെ പേരിൽ നൂറ് ദിവസം ജയിലിൽ കിടക്കേണ്ടി വരുന്നതും രാജ്യത്തിന്റെ തന്നെ ചരിത്രത്തിൽ ആദ്യത്തെ സംഭവമാണ് . ജപ്പാനിലെ ധനകാര്യ സ്ഥാപനങ്ങൾക്ക് കേരളത്തിലെ ജനങ്ങളെ പണയം വെച്ച് ജപ്പാനിലെ ആക്രി സാധനങ്ങൾ വാങ്ങി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇഷ്ടക്കാരായ ഏജൻസി മുഖാന്തിരം കേരളത്തിൽ നടപ്പാക്കി അതിൽ നിന്നും പാർട്ടി നേതാക്കന്മാർക്ക് കമ്മീഷൻ പറ്റാൻ ശ്രമിച്ച ഏറ്റവും വലിയ അഴിമതിയാണ് നാട്ടുകാരുടെയും ബി ജെ പി യുടെയും പ്രതിഷേധത്തെ തുടർന്ന് ഇപ്പോൾ തൃശങ്കുവിൽ നിൽക്കുന്ന സിൽവർ ലൈൻ പദ്ധതി.
ഇന്ത്യൻ ഭരണഘടനയിൽ വിശ്വാസം ഇല്ലാത്ത പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഗവൺമെന്റ് സംസ്ഥാനത്തെ യുവാക്കളുടെ ഭാവി നശിപ്പിച്ചുകൊണ്ട് സ്വജനപക്ഷപാദത്തിലൂടെ നടത്തുന്ന നിയമനങ്ങൾക്ക് കടിഞ്ഞാണിടാൻ പ്രതിപക്ഷത്തിനു പോലും സാധിക്കാതെ വരുന്നിടത്താണ് ഗവർണർ ഇടപെടേണ്ടി വരുന്നത്.
സംസ്ഥാനത്തിന്റെ പരമാധികാരിയായ ഗവർണറെ നിസ്സാരവൽക്കരിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും എന്താണ് രാജഭവൻ മാർച്ചിൽ പങ്കെടുക്കാത്തത് എന്നും എന്തിനാണ് മന്ത്രി എം പി രാജേഷ് ഗവർണർക്ക് എതിരെ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചത് എന്നും കുറഞ്ഞപക്ഷം കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരോട് എങ്കിലും വിശദീകരിക്കാൻ തയ്യാറാവണം.
ഗവർണർക്കെതിരെ ഓർഡിനൻസും ബില്ലും പാസാക്കി വീണ്ടും കോമാളി ആകാൻ ശ്രമിക്കുന്ന പിണറായി വിജയൻ എംഎം മണിയെയും ആനാവൂർ നാഗപ്പനെയും കുറേ ശുംബന്മാരെയും സർവ്വകലാശാലകളുടെ വൈസ് ചാൻസലർമാരാക്കാനുമുള്ള ശ്രമമാണ് നടത്തുന്നത് എന്നും ഗവർണ്ണർക്കെതിരെ സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ അദ്ധേഹം പരിഹസിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് സി സന്തോഷ്കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ല സെക്രട്ടറി സുനിൽകുരുവിക്കാട്ട് ആമുഖ പ്രഭാഷണവും, ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ ഹരി മുഖ്യ പ്രഭാഷണവും നടത്തി. യോഗത്തിൽ ജില്ല വൈസ് പ്രസിഡന്റ് കെ. കുമാർ, ജനറൽ സെക്രട്ടറിമാരായ രതീഷ് വരകുമല, വി.എൻ.സുരേഷ്, സെൽ കോർഡിനേറ്റർ സോജൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
നേതാക്കളായ പി ആർ അളഗരാജ്, ബി മനോജ് കുമാർ ,പി പി മുരുകൻ, എസ് കന്ദകുമാർ തുടങ്ങിയവർ നേതൃത്വം നൽകി