നൂറോളം മോഡിഫിക്കേഷനുകൾ, കണ്ണിൽ വരെ ടാറ്റൂ; റെക്കോർഡ് നേടി ദമ്പതികൾ
തെക്കേ അമേരിക്കൻ ദമ്പതികൾ തങ്ങളുടെ ശരീരത്തിൽ നൂറോളം മാറ്റങ്ങൾ വരുത്തി ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചു. ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം, ഇരുവരും തങ്ങളുടെ ശരീരത്തിൽ 98 മാറ്റങ്ങൾ വരുത്തിയാണ് ലോക റെക്കോർഡ് സ്ഥാപിച്ചത്. ടാറ്റൂ, മൈക്രോഡെർമലുകൾ, ബോഡി ഇംപ്ലാന്റുകൾ തുടങ്ങിയ 98 മാറ്റങ്ങളിലൂടെയാണ് അവർ ശരീരത്തിൻ്റെ സ്വാഭാവിക രൂപം മാറ്റിയത്.
ഉറുഗ്വേയിൽ നിന്നുള്ള വിക്ടർ ഹ്യൂഗോ പെരാൾട്ട, അർജന്റീനയിൽ നിന്നുള്ള ഗബ്രിയേല പെരാൾട്ട എന്നിവരാണ് ദമ്പതികൾ. 2014 ൽ, അവർ അവരുടെ ശരീരത്തിൽ 84 മാറ്റങ്ങൾ വരുത്തുകയും ഏറ്റവും കൂടുതൽ ശരീരത്തിൽ മാറ്റങ്ങൾ വരുത്തുന്ന വിവാഹിതരായ ദമ്പതികളായി മാറുകയും ചെയ്തിരുന്നു. ആ റെക്കോർഡ് ആണ് ഇപ്പോൾ ഇരുവരും വീണ്ടും തകർത്തത്.
അവരുടെ ശരീരത്തിൽ അവർ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് കേൾക്കുമ്പോൾ ആരും ആശ്ചര്യപ്പെടും. ഇരുവരുടെയും ശരീരത്തിൽ 50 ദ്വാരങ്ങൾ, എട്ട് മൈക്രോഡെർമലുകൾ, 14 ബോഡി ഇംപ്ലാന്റുകൾ, അഞ്ച് ഡെന്റൽ ഇംപ്ലാന്റുകൾ, 4 ഇയർ എക്സ്പാൻഡറുകൾ, രണ്ട് ഇയർ ബോൾട്ടുകൾ എന്നിവയുണ്ട്. എന്തിനധികം, അവരുടെ കണ്ണുകളുടെ വെളുത്ത ഭാഗത്ത് പോലും പച്ചകുത്തിയിട്ടുണ്ട്.