ബേക്കറിയിൽ ചെന്ന് സിഗരറ്റ് ചോദിച്ചു;കട അടയ്ക്കുകയാണെന്ന മറുപടിയിൽ കുപിതരായ യുവാക്കൾ കടയുടമയെ മർദ്ദിച്ചു
അടിമാലി: ബേക്കറിയിൽ സിഗരറ്റ് ലഭിക്കാത്തതിനെത്തുടർന്ന് യുവാക്കൾ സംഘം ചേർന്ന് കടയുടമയെ മർദിച്ചതായി പരാതി. അക്രമത്തിൽ വ്യാപാരികൾ ഉൾപ്പെടെ 5 പേർക്കു പരുക്കേറ്റു. അടിമാലി പൊലീസ് സ്റ്റേഷന് എതിർവശത്ത് ബേക്കറി നടത്തുന്ന മേട്ടുപ്പാളയം സ്വദേശികളായ മുഹമ്മദ് അലി (26), സക്കീർ ഹുസൈൻ (34), ബേക്കറി ജീവനക്കാരൻ എസ്.സൂര്യ (29), കല്ലാർകുട്ടിയിലെ വ്യാപാരി വടക്കേക്കര ഷംനാദ് (30), മുതിരപ്പുഴ ചക്കിയാനിക്കുന്നേൽ അഭിജിത് (22) എന്നിവർക്കാണു പരുക്കേറ്റത്. വ്യാഴാഴ്ച രാത്രിയാണു സംഭവം.
സിഗരറ്റ് ആവശ്യപ്പെട്ട് ബേക്കറിയിലെത്തിയ യുവാക്കളോട് കട അടയ്ക്കുകയാണെന്ന് അറിയിച്ചതാണ് പ്രകോപനത്തിനു കാരണമെന്നു വ്യാപാരികൾ പറയുന്നു. മുഹമ്മദ് അലിയുടെ തലയിൽ കമ്പിവടികൊണ്ട് അടിച്ച് മുതുകിൽ സ്റ്റീൽ കത്തി കുത്തിയിറക്കി. കുത്തിയ കത്തിയുടെ കഷണം എടുത്തു നീക്കിയത് 3 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ്. വ്യാപാരികളെ മർദിച്ച സംഘം കല്ലാർകുട്ടിയിലും സംഘട്ടനമുണ്ടാക്കിയതായി പരാതിയുണ്ട്. ഇവർക്കു വേണ്ടിയുള്ള അന്വേഷണം നടന്നു വരികയാണെന്ന് അടിമാലി എസ്എച്ച്ഒ ക്ലീറ്റസ് ജോസഫ് പറഞ്ഞു.