വിദേശ പഠന തട്ടിപ്പ് : അംഗീകൃത ഏജൻസികളുടെ കണക്കെടുക്കും

തിരുവനന്തപുരം:തരികിട ഏജന്‍സികള്‍ വിദേശ പഠനത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ കബളിപ്പിക്കുന്നതായി പരാതികള്‍ വ്യാപകമായതോടെ അംഗീകാരമുള്ള ഏജന്‍സികളുടെ കണക്കെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് തൊഴില്‍ മന്ത്രിയുടെ നിര്‍ദ്ദേശം.
ഇത്തരം ഏജന്‍സികള്‍ക്ക് തൊഴില്‍ വകുപ്പിന്റെ ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണ്. കബളിപ്പിക്കല്‍ ഇല്ലാതാക്കി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസവും സുരക്ഷയും ഉറപ്പാക്കാനാണിത്.
സംസ്ഥാനത്ത് മൂവായിരത്തിലേറെ വിദേശ പഠന റിക്രൂട്ടിംഗ് ഏജന്‍സികള്‍ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇതില്‍ രണ്ടായിരത്തോളവും കൊച്ചിയിലാണ്. ഇതില്‍ പകുതിയിലധികത്തിനും അംഗീകാരമില്ലെന്നാണ് പരാതി. ഏജന്‍സികള്‍ ജി.എസ്.ടി രജിസ്ട്രേഷന്‍ മാത്രമേ നടത്താറുള്ളൂ. ഇതും മിക്കവരും പൂര്‍ത്തിയാക്കുന്നില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഏജന്‍സികളുടെ ആധികാരികത ഉറപ്പാക്കാന്‍ നിയന്ത്രണമോ, നിയമങ്ങളോ ഇല്ല. പരാതിയുണ്ടായാല്‍ തട്ടിപ്പ് കേസ് മാത്രം രജിസ്റ്റര്‍ ചെയ്യും.
സോഷ്യല്‍ മീഡിയ റിക്രൂട്ട്മെന്റ്
രക്ഷിതാക്കളുടേയും വിദ്യാര്‍ത്ഥികളുടേയും അജ്ഞത മുതലെടുത്ത് അംഗീകാരമില്ലാത്ത കോഴ്സുകള്‍ക്ക് ആവശ്യത്തിലേറെ പരസ്യം നല്‍കി വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്ന അനവധി ഏജന്‍സികള്‍ സോഷ്യല്‍ മീഡിയ വഴി പ്രവര്‍ത്തിക്കുന്നുണ്ട്. ചൈന, റഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ എം.ബി.ബി.എസ് അടക്കമുള്ള പ്രൊഫഷണല്‍ കോഴ്സുകളിലേക്കാണ് റിക്രൂട്ട്മെന്റ്. ഈ രാജ്യങ്ങളില്‍ അംഗീകാരമോ, നിലവാരമോ ഇല്ലാത്ത മെഡിക്കല്‍ സ്‌കൂളുകളില്‍ വന്‍ തുക നല്‍കി പഠിച്ചവര്‍ക്ക് പ്രാക്ടീസ് ചെയ്യാനാവാത്ത ഗതികേട് വൈകിയാണ് രക്ഷിതാക്കള്‍ മനസിലാക്കുന്നത്.
അടിമുടി തട്ടിപ്പ്
നിലവാരമില്ലാത്ത സ്ഥാപനങ്ങള്‍ ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ TOEFL / IELTS ഒഴിവാക്കി അഡ്മിഷന്‍ നല്‍കും.
സ്‌കോളര്‍ഷിപ്പ് അസിസ്റ്റന്റ് ഷിപ്പ്, ഫെല്ലോഷിപ്പ് വാഗ്ദാനം
റാങ്കിംഗ് തെറ്റായി രേഖപ്പെടുത്തും.
പേരില്‍ സാമ്യമുള്ള സര്‍വകലാശാലകളുടെ വെബ്‌സൈറ്റ് സൃഷ്ടിക്കും.
വ്യാജ അഡ്മിഷന്‍ അറിയിപ്പും വിസ അപേക്ഷയും അയച്ചുതരും
കോഴ്സ് പൂര്‍ത്തിയാക്കിയ ഉടന്‍ തൊഴില്‍ ചെയ്യാനുതകുന്ന പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയെക്കുറിച്ച് തെറ്റായ വിവരം നല്‍കും.
ജീവിതച്ചെലവ് കുറവാണെന്ന് തെറ്റിദ്ധരിപ്പിക്കും.
പാര്‍ട് ടൈം തൊഴിലും പണം മിച്ചം പിടിക്കാമെന്നുമുള്ള പ്രലോഭനം
ഏജന്‍സികള്‍കളുടെ ആധികാരികത ഉറപ്പാക്കാന്‍ നിയന്ത്രണങ്ങളും ലൈസന്‍സും ഏര്‍പ്പെടുത്താന്‍ നിയമ-തൊഴില്‍-ധന മന്ത്രിമാര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.
-കെ.പി അനില്‍കുമാര്‍
ഓഡേപെക് ചെയര്‍മാന്‍
ഏജന്‍സികളുടെ കണക്ക് പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചു. ലൈസന്‍സ് അടക്കമുള്ള കാര്യങ്ങളില്‍ പരിശോധിച്ച് തീരുമാനമെടുക്കും.
–മന്ത്രി വി.ശിവന്‍കുട്ടി.