വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷിപ്പ് വണങ്ങാൻ വീണ്ടും അവസരം ഒരുങ്ങുന്നു

ഗോവ: ഭാരതത്തിന്റെ ദ്വിതീയ അപ്പസ്തോലനും പ്രേഷിത പ്രവർത്തനങ്ങളുടെ മധ്യസ്ഥനുമായ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷിപ്പ് വണങ്ങാൻ വീണ്ടും അവസരം ഒരുങ്ങുന്നു. ലോകം കാത്തുകാത്തിരിക്കുന്ന, 10 വർഷത്തിലൊരിക്കൽ നടക്കുന്ന പൊതുദർശനത്തിന് രണ്ട് വർഷംകൂടി കാത്തിരിക്കണമെങ്കിലും, തിയതികൾ പ്രഖ്യാപിച്ചതോടെ വലിയ ആവേശത്തിലാണ് ഗോവയും വിശുദ്ധന്റെ ഭൗതീകശരീരം സൂക്ഷിച്ചിരിക്കുന്ന ബോം ജീസസ് ബസിലിക്കയും.
2024 നവംബർ 21മുതൽ 2025 ജനുവരി അഞ്ചുവരെ ഭൗതീകദേഹം പൊതുവണക്കത്തിന് വെക്കുമെന്ന വിവരം ഇക്കഴിഞ്ഞ ദിവസം ഗോവ- ദാമൻ അതിരൂപതാധ്യക്ഷൻ കർദിനാൾ ഫിലിപ്പെ നേരി ഫെറാവോയാണ് അറിയിച്ചത്. 18-ാമത്തെ പൊതുദർശനമാകും ഇത്. ആദ്യ നാളുകളിൽ മൂന്നു വർഷത്തിൽ ഒരിക്കലായിരുന്നു പൊതുദർശനം. വിശുദ്ധന്റെ ഭൗതികശരീരത്തിൽ തൊട്ടുവന്ദിക്കാനും അവസരമുണ്ടായിരുന്നു. ഒരിക്കൽ, പൊതുദർശനസമയത്ത് വിശുദ്ധന്റെ കാലിൽ മുത്തുന്നു എന്ന ഭാവേന ഒരു സ്ത്രീ തള്ളവിരൽ കടിച്ചെടുത്തു. അതിനുശേഷമാണ് ഭൗതികശരീരം ഗ്ലാസ് പേടകത്തിലേക്ക് മാറ്റിയത്.
ഭൗതികശരീരത്തിലെ വലതുകരം (ഏഷ്യയിൽ മൂന്നു ലക്ഷത്തിൽപ്പരം പേർക്ക് മാമ്മോദീസ നൽകിയ കരം) റോമിലെ ജസ്യു ദൈവാലയത്തിലാണ് സൂക്ഷിച്ചിട്ടുള്ളത്. സ്പെയിനിലെ നവാരെ രാജ്യത്തിലെ സേവ്യർ രാജകുടുംബത്തിൽ 1506 ഏപ്രിൽ ഏഴിന് ജനിച്ച ഫ്രാൻസിസ് സേവ്യർ 1525ൽ സെമിനാരിയിൽ ചേർന്നു. 1534ൽ വ്രതവാഗ്ദാനം നടത്തിയ അദ്ദേഹം വെനീസിൽവെച്ചാണ് പൗരോഹിത്യം സ്വീകരിച്ചത്, 1537 ജൂൺ 24ൽ.
വിശുദ്ധ ഇഗ്നേഷ്യസ് ലെയോളയോടൊപ്പം ഈശോസഭ സമൂഹത്തിന്റെ സഹസ്ഥാപകനായ ഫാ. ഫ്രാൻസിസ് സേവ്യർ, പോർച്ചുഗീസ് കോളനികളുള്ള രാജ്യങ്ങളിലാണ് മിഷൻ പ്രവർത്തനത്തിന് കൂടുതൽ ഊന്നൽ നൽകിയത്. 1552 മെയ് ആറിന് പോർച്ചുഗീസ് ഇന്ത്യയുടെ തലസ്ഥാനമായ ഗോവയിലെത്തി. കഠിനമായ പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് അവിടെ 10 വർഷം സുവിശേഷ പ്രഘോഷണം നടത്തി. കന്യാകുമാരിമുതൽ ശ്രീലങ്കയ്ക്ക് സമീപമുള്ള മാന്നാർ ദ്വീപുവരെ വ്യാപിച്ചു കിടക്കുന്ന പേൾ ഫിഷറീസ് കോസ്റ്റ് എന്നറിയപ്പെടുന്ന പ്രദേശങ്ങളായിരുന്നു അദ്ദേഹത്തിന്റെ മിഷൻ വയൽ.സുവിശേഷ പ്രഘോഷണാർത്ഥം ചൈനയിലേക്കുള്ള യാത്രാമധ്യേ 1552 ഡിസംബർ മൂന്നിന് സാൻചിയാൻ ദ്വീപിൽവച്ച് മരണമടഞ്ഞു. പോർച്ചുഗീസ് മലാക്കയിലെ (ഇപ്പോഴത്തെ വടക്കൻ മലേഷ്യ) സെന്റ് പോൾസ് ദൈവാലയത്തിലാണ് അദ്ദേഹത്തിന്റെ ഭൗതികശരീരം അടക്കം ചെയ്തത്. രണ്ടു വർഷത്തിനുശേഷം ഗോവയിലെ പോർച്ചുഗീസ് കോളനിയിലേക്ക് ഭൗതീക ശരീരം മാറ്റുകയായിരുന്നു. 1619 ഒക്ടോബർ 25ന് പോൾ അഞ്ചാമൻ പാപ്പ വാഴ്ത്തപ്പെട്ടവനായും 1622 മാർച്ച് 22ന് ഗ്രിഗറി 15-ാമൻ പാപ്പ വിശുദ്ധനായും പ്രഖ്യാപിച്ചു