പീരുമേട് ഉപജില്ല കായിക മേളയ്ക്ക് തുടക്കമായി

പീരുമേട് ഉപജില്ല കായിക മേള കുമളി ഗവ. വൊക്കഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വാഴൂര്‍ സോമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കായിക വാസനകള്‍ ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ നല്ല കളിക്കളവും അനുബന്ധ സൗകര്യങ്ങളും അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. മികച്ച രീതിയില്‍ ഉപ ജില്ലാ കായിക മേള നടത്താന്‍ മുന്‍കൈ എടുത്ത ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും സംഘാടക സമിതി അംഗങ്ങളെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന കായിക മേളയില്‍ പീരുമേട് ഉപജില്ലയിലെ 51 സ്‌കൂളുകളില്‍ നിന്നും കിഡ്സ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 1300 ഓളം കുട്ടികളാണ് പങ്കെടുക്കുന്നത്. 121 ഇനങ്ങളിലാണ് മത്സരം. പൂര്‍വ്വവിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വിജയികള്‍ക്ക് ട്രോഫിയും മെഡലും ഒരുക്കിയിട്ടുണ്ട്. നാളെയാണ് സമാപനം.
ഉദ്ഘാടന ചടങ്ങില്‍ ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ രമേശ് എം. മുഖ്യപ്രഭാഷണം നടത്തി. വിവിധ കമ്മറ്റി ഭാരവാഹികളായ ജോസഫ് ജെ. കരൂര്‍, മജോ കാരിമുട്ടം, ടി. എന്‍. ബോസ്, സജി വെമ്പള്ളി, വിനോദ് ഗോപി, ബിജു മറ്റപ്പള്ളി, പി. ടി. എ. പ്രസിഡന്റ് വി. ഐ. സിംസണ്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നിഷാന്ത് മോഹന്‍ എം., അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.