മന്ത്രി റോഷി അഗസ്റ്റിൻ ഇടപെട്ടു,കല്ലുകുന്ന് കുടിവെള്ള പ്രശ്നം പരിഹരിച്ചു
- വൈദ്യുതി ചാര്‍ജ് കുടിശ്ശികയില്‍ 10 ലക്ഷം രൂപ മുനിസിപ്പാലിറ്റി അടയ്ക്കും, ബാക്കി വാട്ടര്‍ അതോറിറ്റിയും കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ മൂന്നു വര്‍ഷമായി നിലനിന്നിരുന്ന കുടിവെള്ള പ്രശ്നം മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലിനെ തുടര്‍ന്ന് പരിഹരിച്ചു. കട്ടപ്പന കല്ലുകുന്ന് കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന തര്‍ക്കമാണ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ പരിഹരിച്ചത്.
പദ്ധിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കട്ടപ്പന മുനിസിപ്പാലിറ്റിയും ജല അതോറിറ്റിയും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. വൈദ്യുതി ചാര്‍ജ് അടയ്ക്കുന്നതു സംബന്ധിച്ചും പദ്ധതി നടത്തിപ്പു ചുമതല സംബന്ധിച്ചും വ്യക്തത ഉണ്ടായിരുന്നില്ല. ഇതുമൂലം പ്രദേശത്ത് നിരവധി തവണ ജലവിതരണം മുടങ്ങുകയും ചെയ്തു. വൈദ്യുതി കുടിശ്ശിക 24 ലക്ഷം രൂപ അയതോടെ ഇത് ആരടയ്ക്കുമെന്ന തര്‍ക്കവും രൂക്ഷമായിരുന്നു.
ഇതിനിടെ പദ്ധതിയുടെ ചുമതല വാട്ടര്‍ അതോറിറ്റിക്ക് മുനിസിപ്പാലിറ്റി കൈമാറിയെങ്കിലും ഇതുസംബന്ധിച്ച നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നില്ല. ഇതോടെ നടത്തിപ്പ് പൂര്‍ണമായും ഏറ്റെടുക്കാന്‍ ജല അതോറിറ്റിക്ക് കഴിഞ്ഞതുമില്ല. വൈദ്യുതി കണക്ഷന് അടക്കം മുനിസിപ്പാലിറ്റിയുടെ പേരിലായിരുന്നു. അതിനാല്‍ത്തന്നെ വൈദ്യുതി ബില്ല് മുനിസിപ്പാലിറ്റിക്കാണ് ലഭിച്ചു കൊണ്ടിരുന്നത്. ബില്‍ അടയ്ക്കുന്നത് സംബന്ധിച്ച തര്‍ക്കം നീണ്ടതോടെ മന്ത്രി പ്രശ്നം പരിഹരിക്കാന്‍ നേരിട്ട് ഇടപെടുകയായിരുന്നു.
മന്ത്രിയുടെ സാന്നിധ്യത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഷൈനി സണ്ണി അടക്കമുള്ള ജനപ്രതിനിധികളും വാട്ടര്‍ അതോറിറ്റി അധികൃതരും കെഎസ്ഇബി പ്രതിനിധികളും ഉള്‍പ്പെടെയുള്ളവരുടെ യോഗം വിളിച്ചു ചേര്‍ത്തു.
വൈദ്യുതി കുടിശ്ശികയില്‍ 10 ലക്ഷം രൂപ കട്ടപ്പന മുനിസിപ്പാലിറ്റി അടയ്ക്കാനും ബാക്കി തുക കേരള വാട്ടര്‍ അതോറിറ്റി അടയ്ക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. പദ്ധതിയുടെ നടത്തിപ്പ് ചുമതലയും ആസ്തി കൈമാറ്റ നടപടി ക്രമങ്ങളും ഡിസംബര്‍ 31 ന് മുന്‍പായി പൂര്‍ത്തിയാക്കാനും യോഗത്തില്‍ ധാരണയായി. അടുത്ത വര്‍ഷം ജനുവരി 1 മുതല്‍ പദ്ധതിയുടെ പരിപൂര്‍ണ ചുമതല വാട്ടര്‍ ഏറ്റെടുക്കാനും തീരുമാനിച്ചു.
കട്ടപ്പന മുനിസിപ്പല്‍ വൈസ് ചെയര്മാന് ജോയി ആനിത്തോട്ടം, സെക്രട്ടറി പ്രകാശ് കുമാര്‍, കൗണ്‍സിലര്‍മാരായ ഷാജി കൂത്തോടി, സിജോമോന്‍ ജോസ്, സുധര്‍മ്മ മോഹന്‍, വാട്ടര്‍ അതോറിറ്റി ടെക്്നിക്കല്‍ മെമ്പര്‍ ജി. ശ്രീകുമാര്‍, ചീഫ് എഞ്ചിനിയര്‍ (സി.ആര്) ടി.എസ്. സുധീര്‍, എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ ജതീഷ് കുമാര്‍, ആര്.ആര്. ബിജു, ഗുണഭോക്തൃ സംഘടനാ പ്രതിനിധി വി.ആര്.സജി, മുന്‍ മുനിസിപ്പല്‍ ചെയര്മാന് അഡ്വ. മനോജ് എം. തോമസ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.