ചേട്ടാ, റോഷി അങ്കിളിനൊരു വോട്ട് ചെയ്യണേ; ഞങ്ങളുടെ സ്കൂളൊക്കെ സൂപ്പറാക്കിയതാ
ചെറുതോണി: വോട്ട് പിടിത്തത്തില്‍ കൗതുകം വിരിയിച്ച് കുട്ടിപ്പട്ടാളം. ഇടുക്കി മണ്ഡലത്തിലാണ് വിദ്യാര്‍ത്ഥികളുടെ വോട്ട്പിടിത്തം പുതുമയായത്. ഓരോ കവലകളിലും എത്തി ആദ്യതന്നെ കടകള്‍ കയറിയിറങ്ങി കുട്ടിപ്പത്രം വിതരണം ചെയ്യും. ഞങ്ങള്‍ക്ക് പഠിക്കാന്‍ സൗകര്യങ്ങളൊരുക്കിയ പിണറായി സര്‍ക്കാരിനും റോഷി അഗസ്റ്റിനും വോട്ട് ചെയ്യണമെന്നാണ് അഭ്യര്‍ത്ഥന. പിന്നെ ഒരാള്‍ പ്രസംഗിക്കും. ഇടുക്കി മണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ മുന്നേറ്റമാണ് സംസാരവിഷയം. സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയ സര്‍ക്കാര്‍ തുടരണം. 5000 അധ്യാപകരെ പുതുതായി നിയമിച്ചു. പാഠപുസ്തകങ്ങള്‍ സ്കൂള്‍ തുറക്കുംമുന്നെ. കോവിഡ് കാലത്ത് ഉച്ചക്കഞ്ഞിക്കുള്ള അരി വീടുകളിലെത്തിച്ചു തന്ന സര്‍ക്കാര്‍ തുടങ്ങിയ കാര്യങ്ങളാണ് പ്രസംഗങ്ങളില്‍ സൂചിപ്പിക്കുന്നത്. ബൈക്ക് റാലിയുമായി പോകുന്നതിന് തയ്യാറെടുത്ത് വരുന്നതിനിടെയാണ് ബൈക്ക് റാലി പാടില്ല എന്ന് ജില്ലാ വരണാധികാരിയുടെ നിര്‍ദ്ദേശം വരുന്നത്. പിന്നെ മറ്റു വാഹനങ്ങളിലായി യാത്ര. സ്റ്റുഡന്‍റ് റൈഡ് പ്രോഗ്രാം ചെറുതോണിയില്‍ എല്‍ഡിഎഫ് ഇടുക്കി അസംബ്ലി മണ്ഡലം സെക്രട്ടറി സി.വി. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ചെറുതോണി, കഞ്ഞിക്കുഴി, കമ്പിളികണ്ടം, മുരിക്കാശ്ശേരി, തങ്കമണി, വെള്ളയാംകുടി, കാഞ്ചിയാര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി സ്റ്റുഡന്‍റ് റൈഡ് കട്ടപ്പനയില്‍ സമാപിച്ചു.