മലമ്പുഴ മോഡല്‍ ടൂറിസം പദ്ധതി നടപ്പാക്കും;റോഷി അഗസ്റ്റിന്
ചെറുതോണി: ഇടുക്കിയില്‍ മലമ്പുഴ മോഡല്‍ പാര്‍ക്കും റോപ്വേയും ഉള്‍പ്പെടുത്തി പ്രത്യേക ടൂറിസം പദ്ധതി നടപ്പിലാക്കുമെന്ന് റോഷി അഗസ്റ്റിന് പറഞ്ഞു. തുടര്‍ഭരണം പൊതുമുദ്രാവാക്യമായി ജനങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞ സാഹചര്യത്തില്‍ അധികാരത്തില്‍ വരാന്‍ പോകുന്ന എല്‍ഡിഎഫ് സര്ക്കാരിലിടപെട്ട് ഇടുക്കിയുടെ ടൂറിസം പദ്ധതികള്‍ക്ക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. ടൂറിസം വികസനത്തിന്റെ സാധ്യതകളാണ് ഇനി ഇടുക്കിയില്‍ തുറക്കേണ്ടത്. ചെറുതോണിയില്‍ വോട്ടര്‍മാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി ആര്‍ച്ച് ഡാമിന്റെ അനന്തമായ സാധ്യതകള്‍ പ്രയോജനപ്പെടുത്തി വിദേശ – ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ ഉണ്ടാകും. മലമ്പുഴ മോഡല്‍ ഉദ്യാനവും അണക്കെട്ടിനോട് ചേര്‍ന്നുള്ള റോപ്വേയും നിര്‍മ്മിക്കുന്നത് ഇടുക്കി ടൂറിസത്തിന് കുതിപ്പേകും. മഹാപ്രളയവും കോവിഡും മൂലം ആരംഭിക്കാന്‍ കഴിയാതിരുന്ന ലേസര്‍ഷോ പദ്ധതി പുനരാരംഭിക്കുവാന്‍ തീര്‍ച്ചയായും സാധിക്കും. ആര്‍ച്ച് ഡാമിന്റെ പ്രതലം ഉപയോഗപ്പെടുത്തിയുള്ള ലേസര്‍ ഷോ ഏഷ്യയിലെ തന്നെ അത്യപൂര്‍വ്വമായ ദൃശ്യവിസ്മയം ഒരുക്കുന്നതാണ്.
ഇടുക്കിയുടെ ടൂറിസം വ്യാപിപ്പിക്കേണ്ടത് ക്ലസ്റ്റര്‍ ടൂറിസത്തിന്റെ അടിസ്ഥാനത്തിലാണ്. ചെറിയ വ്യൂ പോയിന്റുകളെപ്പോലും കോര്‍ത്തിണക്കി ടൂറിസം ട്രയാംഗിള്‍ രൂപീകരിച്ച് സാഹസിക ടൂറിസം ഉള്‍പ്പടെയുള്ള ആകര്‍ഷകമായ പദ്ധതിക്ക് രൂപം നല്‍കും. നാടുകാണി, മൈക്രോവേവ്, പാല്‍ക്കുളംമേട്, മീനുളിയാന്‍പാറ, കാല്‍വരിമൗണ്ട്, കല്യാണത്തണ്ട്, അഞ്ചുരുളി, കാറ്റാടിപ്പാറ, കള്ളിമാലി, കാഞ്ഞാര്‍ പുഴയോര ടൂറിസം ഉള്‍പ്പടെയുള്ള പ്രദേശങ്ങള്‍ ക്ലസ്റ്ററായി രൂപീകരിച്ച് ടൂറിസം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി പ്രവര്ത്തനോന്മുഖമാക്കും. ഹില്‍വ്യൂപാര്‍ക്ക്, ഇടുക്കി ഉദ്യാനം എന്നിവ കാണാന്‍ ഇപ്പോള്‍തന്നെ ഒട്ടേറെ സഞ്ചാരികളാണ് എത്തുന്നത്. ഇടുക്കി അണക്കെട്ടിലെ ബോട്ടിംഗ് എല്ലാദിവസവും ക്രമീകരിക്കും. 13 കോടി രൂപ ചെലവില്‍ ഇപ്പോള്‍ നിര്‍മ്മിക്കുന്ന യാത്രി നിവാസും എക്കോലോഗും ഉടന്‍ സഞ്ചാരികള്‍ക്കായി തുറന്നു നല്‍കും. 10 കോടി രൂപ അനുവദിച്ച് നിര്‍മ്മാണം പുരോഗമിക്കുന്ന ഇടുക്കി കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ് ഇടുക്കിയുടെ ടൂറിസം ചരിത്രത്തില്‍ നാഴികക്കല്ലായി മാറുമെന്നും റോഷി അഗസ്റ്റിന് പറഞ്ഞു.