നയതന്ത്ര ഇടപെടൽ ഫലിച്ചു; നാവികരെ ഉടന്‍ നൈജീരിയയ്ക്ക് കൈമാറില്ല
ന്യൂഡൽഹി: ഗിനിയിൽ കസ്റ്റഡിയിലുള്ള മലയാളികൾ ഉൾപ്പെടെയുള്ള നാവികരെ ഉടൻ നൈജീരിയയ്ക്ക് കൈമാറില്ല. നൈജീരിയയിലേക്ക് കൈമാറാൻ കൊണ്ടുപോയ 15 പേരെ മലാബോയിലേക്ക് തിരികെ കൊണ്ടുവന്നു. നയതന്ത്ര ഇടപെടലിലൂടെയാണ് നാവികരെ നൈജീരിയയ്ക്ക് കൈമാറുന്നത് തടഞ്ഞത്. രണ്ട് മലയാളികൾ ഉൾപ്പെടെ 15 പേരെ ഹോട്ടലിലേക്ക് മാറ്റിയിരുന്നു.
പശ്ചിമാഫ്രിക്കൻ രാജ്യമായ ഗിനിയിൽ 16 ഇന്ത്യക്കാർ ഉൾപ്പെടെ 26 നാവികരാണ് പിടിയിലായത്. നോർവെ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പലിലെ ജീവനക്കാരാണ് ഇവർ. സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് നൈജീരിയൻ സൈന്യത്തിൻ്റെ നിർദ്ദേശപ്രകാരം ഗിനി നാവികസേനയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഷിപ്പിംഗ് കമ്പനി മോചനദ്രവ്യം നൽകിയിട്ടും ഇവരെ വിട്ടയച്ചില്ല. ഇവരെയെല്ലാം നൈജീരിയയ്ക്ക് കൈമാറാനായിരുന്നു നീക്കം. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് മരിച്ച വിസ്മയയുടെ സഹോദരൻ വിജിത്തും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. കപ്പലിലെ ഫസ്റ്റ് ഓഫീസറായ സനു ജോസ്, കൊച്ചി സ്വദേശി മിൽട്ടൺ എന്നിവരാണ് മറ്റ് മലയാളികൾ.