വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ സ്വർണ്ണ മാല കവർന്ന് വിറ്റ അമ്മയെയും മകനെയും ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തു

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ സ്വർണ്ണ മാല കവർന്ന് വിറ്റ അമ്മയെയും മകനെയും ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തു. ചീന്തലാർ ഒന്നാം ഡിവിഷൻ ലയത്തിൽ ശശിയുടെ ഭാര്യ സ്റ്റെല്ല (40) മകൻ പ്രകാശ് (20 ) എന്നിവരെയാണ് ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തത്.
ചീന്തലാർ സ്വദേശികളായ പ്രിൻസ് അനീഷ ദമ്പതികളുടെ ഒരു മകന്റ കഴുത്തിലുണ്ടായിരുന്ന 13 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമാല കഴിഞ്ഞ 23നാണ് നഷ്ടമായത്. വീടിനുള്ളിലും പരിസരത്തുമെല്ലാം പരിശോധന നടത്തിയെങ്കിലും മാല ലഭിച്ചില്ല. ഈ മാസം 4 ന് മാലകളവ് പോയതായി ഉപ്പുതറ പോലീസിൽ പരാതി നൽകുകയും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. പോലീസ് അന്വേഷണം തുടങ്ങിയതോടെ സമീപവാസികളായ സ്റ്റല്ലയും പ്രകാശും മുങ്ങി. കാറ്റാടിക്കവലയിൽ ഓട്ടോ ഡ്രൈവറായ പ്രകാശ് അവിടെ തന്നെ ഓട്ടോ ഓടിക്കുന്ന ബന്ധുവായ ഡ്രൈവറോട് മുണ്ടക്കയത്ത് സ്വർണ്ണം വിറ്റതായി പറഞ്ഞിരുന്നു. ഇതേ തുടർന്ന് പോലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് കട്ടപ്പനക്ക് പോകുന്ന ബസിൽ അമ്മയും മകനും കട്ടപ്പനക്ക് പോകുന്നതായി ഉപ്പുതറ ഇൻസ്പെക്ടർക്ക് വിവരം ലഭിച്ചു. തുടർന്ന് സ്വരാജിൽ വെച്ച് സി ഐ ഇ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞ് നിർത്തി യാത്രക്കാരെ ചോദ്യം ചെയ്തു. എന്നാൽ പ്രകാശും സ്റ്റല്ലയും പേര് മാറ്റി പറയുകയും തമിഴ്നാട് സ്വദേശികളാണന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ സ്റ്റേഷനിൽ പല കേസുകൾക്കായി എത്തിയ ഇരുവരെയും സി ഐക്ക് മുഖപരിചയമുണ്ടായിരുന്നു. സ്റ്റല്ലയെ കസ്റ്റഡിയിലെടുത്ത പോലീസ് ഉടൻ തന്നെ വാഹന പരിശോധന നടത്തി. ഓട്ടോയിൽ എത്തിയ പ്രകാര് വാഹന പരിശോധന മനസിലാക്കി സ്ഥലം എത്തുന്നതിന് മുമ്പായി ഇറങ്ങി ഓടി. പോലീസും നാട്ടുകാരും പിന്നാലെയെത്തി. ഇതോടെ പ്രകാശ് ഇടുക്കി ഡാമിലേക്ക് എടുത്ത് ചാടി. നാട്ടുകാരുടെ സഹായത്തോടെ പ്രകാശിനെ രക്ഷപെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നടന്ന ചോദ്യം ചെയ്യിലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. അപഹരിച്ച മാല മുണ്ടക്കയത്തുള്ള ജൂവലറിയിൽ വിറ്റു. അവിടെ നിന്നും മറ്റൊരു ആഭരണം വാങ്ങുകയും അത് ഏലപ്പാറയാൽ വില്കുകയും ചെയ്തതായി പ്രതികൾ സമ്മതിച്ചു.ഡി വൈ എസ് പി ജെ കുര്യാക്കോസിന്റെ നിർദ്ദേശാനുസരണം സി ഐ ഇ ബാബു, എസ് ഐ എബ്രഹാം കെ എം, സിപിഒമാരായ ആന്റെണി സെബാസ്റ്റ്യൻ, ഷിബു കെ എക്സ്, ഷിമാൻ കെ പി , അഭിലാഷ് എസ്, നിഷാദ് പി എൻ എന്നിവർ ചേർന്നാണ് പ്രതികളെ സാഹസികമായി പിടി കൂടിയത്. കോടതി റിമാന്റ് ചെയ്ത പ്രതികളെ കാക്കനാട്ടെ ജയിലിലേക്ക് അയച്ചു.