അന്താരാഷ്ട്ര റേഡിയോളജി ദിനം; മാമ്മോഗ്രാം മെഷീൻ പ്രവർത്തന സജ്ജമാക്കി തൊടുപുഴ ജില്ലാ ആശുപത്രി

റേഡിയോളജി ദിനമായ നവംബർ എട്ടിന് മാമ്മോഗ്രാം മെഷീൻ പ്രവർത്തന സജ്ജമാക്കി തൊടുപുഴ ജില്ലാ ആശുപത്രി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജിജി.കെ.ഫിലിപ്പ് പ്രർത്തനോദ്ഘാടനം നിർവഹിച്ചു. ഡി.എച്ച്.എസ് എൻ.സി.ഡി ഫണ്ടിൽ നിന്ന് 2018-2019 കാലയളവിലെ പ്ലാൻ ഫണ്ടിൽ നിന്നുള്ള 21.5 ലക്ഷം രൂപ ഉപയോഗിച്ചാണ് മെഷീൻ വാങ്ങിയത്. എക്സ് റേ യൂണിറ്റിനോട് ചേർന്നുള്ള മുറിയിലാണ് മാമ്മോഗ്രാം മെഷീൻ സ്ഥാപിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്തിൽ നിന്നും എച്ച്.എം.സിയിൽ നിന്നുമുള്ള ഫണ്ട് ഉപയോഗിച്ചാണ് മെഷീൻ സ്ഥാപിക്കുന്നതിനുള്ള അടിസ്ഥാന – ഭൗതിക സൗകര്യങ്ങളൊരുക്കിയത്. സ്തനാർബുദം കണ്ട് പിടിക്കുന്നതിനായുള്ള സൗകര്യം ജില്ലാ ആശുപത്രിയിൽ ഏർപ്പെടുത്തിയത് നിരവധിയാളുകൾക്ക് പ്രയോജനമാകുമെന്ന് അധികൃതർ പറഞ്ഞു. പ്രതിദിനം മൂന്ന് പേരെ പരിശോധിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. നിലവിൽ ജില്ലാ ആശുപത്രിയിൽ മാമ്മോഗ്രാം വിഭാഗത്തിൽ ഒരു ഡോക്ടറുടേയും രണ്ട് സ്ഥിരം റേഡിയോ ഗ്രാഫർമാരുടേയും നാല് താൽക്കാലിക ജീവനക്കാരുടെയും സേവനമാണ് ലഭ്യമാക്കിയിട്ടുള്ളത്. നിലവിൽ ഇടുക്കി മെഡിക്കൽ കോളേജിന് പുറമേ തൊടുപുഴ ജില്ലാ ആശുപത്രിയിൽ മാത്രമാണ് സർക്കാർ മേഖലയിൽ ഈ സേവനം ലഭ്യമാക്കിയിട്ടുള്ളത്. സ്വകാര്യ മേഖലയിൽ 1200 മുതൽ 1500 രൂപ വരെ മുടക്ക് വരുന്ന ഈ സേവനം കുറഞ്ഞ നിരക്ക് മാത്രം ഈടാക്കിയാണ് ജില്ലാ ആശുപത്രിയിൽ ഈടാക്കുന്നത്. ആശുപത്രി കോമ്പൗണ്ടിൽ നടന്ന ചടങ്ങിൽ
ജില്ലാ പഞ്ചായത്തംഗങ്ങളായ ഇന്ദു സുധാകരൻ, പ്രൊഫ. എം.ജെ. ജേക്കബ്ബ്, സി.വി. സുനിത, ആശുപത്രി സൂപ്രണ്ട് ഡോ. അജി.പി.എൻ, ആർ.എം.ഒ ഡോ. സി.ജെ.പ്രീതി, എച്ച്.എം.സി അംഗങ്ങൾ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ സംസാരിച്ചു.
ക്യാപ്ഷൻ: തൊടുപുഴ ജില്ലാ ആശുപത്രിയിൽ സജ്ജമാക്കിയ മാമ്മോഗ്രാം മെഷീൻ്റെ പ്രവർത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജിജി.കെ.ഫിലിപ്പ് നിർവഹിക്കുന്നു.