സര്‍ക്കാര്‍ ആശുപത്രികളെ കൂടുതല്‍ മികച്ച ചികിത്സയും അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളും ഉള്‍ക്കൊള്ളുന്ന രോഗീസൗഹൃദ കേന്ദ്രങ്ങള്‍ ആക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ വിവിധ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും മന്ത് രോഗനിവാരണ പൂര്‍ത്തീകരണ പ്രഖ്യാപനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
മന്ത് രോഗനിവാരണ പ്രവര്‍ത്തന പൂര്‍ത്തീകരണത്തിന് മാതൃകാപരമായി പ്രവര്‍ത്തിച്ച ആരോഗ്യ പ്രവര്‍ത്തകരെയും തദ്ദേശ സ്ഥാപനങ്ങളെയും അഭിനന്ദിക്കുന്നു. നിലവില്‍ ജില്ല മന്തുരോഗവിമുക്തമായെങ്കിലും രോഗനിവാരണം നടത്തുന്നതുവരെ കര്‍ശനമായി നിരീക്ഷണം തുടരണം. ഡെങ്കിപനിസാധ്യത ഗൗരവമായി കണക്കിലെടുക്കണമെന്നും തീരദേശ മേഖലയില്‍ പൊതുജന പങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും മന്ത്രി വ്യക്തമാക്കി.
ചവറ തെക്കുംഭാഗം കുടുംബ ആരോഗ്യ കേന്ദ്രം, ചാത്തനാംകുളം, നെല്ലികുന്നം, മേലില, പേരുംപുഴ, ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് കേന്ദ്രങ്ങളുടെ ഉദ്ഘാടനവും മന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചു.
എന്‍ക്യുഎഎസ്, കായ്കല്‍പ്പ അവാര്‍ഡ് ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് മന്ത്രി കെ.എന്‍ ബാലഗോപാല്‍ വിതരണം ചെയ്തു. ജില്ല ദേശീയതലത്തിലുള്ള നേട്ടമാണ് കൈവരിച്ചത്. പകര്‍ച്ചവ്യാധി രോഗങ്ങള്‍ക്കെതിരെ അതീവ ജാഗ്രത തുടരണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
ജില്ലാ ആശുപത്രി, പുനലൂര്‍ കടയ്ക്കല്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രികള്‍, തൃക്കടവൂര്‍, പാലത്തറ സാമൂഹ്യകാരോഗ്യ കേന്ദ്രങ്ങള്‍, മാങ്കോട് ചിതറ, വെളിയം, ചാത്തന്നൂര്‍, ഇളമ്ബള്ളൂര്‍, തഴവ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, കൊല്ലം കോര്‍പ്പറേഷന്‍ ടീം എന്നിവയ്ക്കാണ് അവാര്‍ഡ് കൈമാറിയത്.
മന്തുരോഗ നിവാരണ പൂര്‍ത്തീകരണ പ്രഖ്യാപന സാക്ഷ്യപത്രം, കൈപുസ്തക- ലോഗോ പ്രകാശനവും മന്ത്രി വീണാ ജോര്‍ജ് മന്ത്രി കെ.എന്‍ ബാലഗോപാലിന് നല്‍കി നിര്‍വഹിച്ചു.
മന്ത് രോഗം പകരുന്നത് തടയുക വഴി ഇതുവരെ രോഗം ബാധിക്കാത്തവരെയും വരും തലമുറയെയും രോഗവിമുക്ത ആക്കുക, വൈകല്യം കൊണ്ടുള്ള ദുരിത നിരക്ക് കുറയ്ക്കുക എന്നിവയാണ് ലിംഫാറ്റിക് ഫൈലേറിയാസിസ് എലിമിനേഷന്‍ ലക്ഷ്യമിടുന്നത്. 2022ല്‍ രോഗനിവാരണം സാധ്യമാകുമ്ബോള്‍ തുടര്‍പരിപാടി എന്ന നിലയ്ക്ക് സമ്ബൂര്‍ണ അതിഥി തൊഴിലാളി പരിശോധനയ്ക്കുള്ള ക്രമീകരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിന്‍റെയും ഇതര വകുപ്പുകളുടെയും നേതൃത്വത്തില്‍ പൊതുജന പങ്കാളിത്തത്തോടുകൂടി നടപ്പിലാക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ജില്ലാ ആശുപത്രിയിലും കൊട്ടാരക്കര, നെടുങ്ങോലം, നീണ്ടകര, കരുനാഗപ്പള്ളി എന്നീ താലൂക്ക് ആശുപത്രികളിലും മോര്‍ബിഡിറ്റി മാനേജ്മെന്‍റ് സേവനം ലഭ്യമാക്കിയതായും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
എം. മുകേഷ് എംഎല്‍എ അധ്യക്ഷനായി. മേയര്‍ പ്രസന്ന ഏണസ്റ്റ്, എം. നൗഷാദ് എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. പി. കെ. ഗോപന്‍, വിവിധ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.വി. മീനാക്ഷി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, എന്‍എച്ച്‌എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ദേവ് കിരണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എംഎല്‍എമാരായ ഡോ.സുജിത്ത് വിജയന്‍ പിള്ള, കെ.ബി. ഗണേഷ് കുമാര്‍, പി.സി വിഷ്ണുനാഥ്, ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഓണ്‍ലൈനായി പങ്കെടുത്തു.