പാറശ്ശാല ഷാരോൺ വധക്കേസിൽ കേരള പോലീസിന്റെ അന്വേഷണം ചോദ്യം ചെയ്യപ്പെട്ടേക്കുമെന്ന് നിയമോപദേശം
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ കേരള പോലീസിന്റെ അന്വേഷണം ചോദ്യം ചെയ്യപ്പെട്ടേക്കുമെന്ന് നിയമോപദേശം. കുറ്റപത്രം സമർപ്പിക്കുന്ന വേളയിൽ അന്വേഷണപരിധി സംബന്ധിച്ച് എതിർഭാഗം തടസം ഉന്നയിച്ചേക്കാമെന്നാണ് നിയമോപദേശം. അഡ്വക്കേറ്റ് ജനറൽ (എ.ജി.)യാണ് നിർണായക നിയമോപദേശം നൽകിയത്.
കേസ് തമിഴ്നാട് പോലീസിന് കൈമാറുന്നതാണ് ഉചിതമെന്നാണ് എ.ജി. പറയുന്നത്. കേരള പോലീസിന്റെ അന്വേഷണം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്നും എ.ജി വ്യക്തമാക്കി. കേരള പോലീസിന് ലഭിച്ച ആദ്യ നിയമോപദേശത്തിൽ രണ്ടുകൂട്ടർക്കും അന്വേഷിക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ രണ്ട് ഏജൻസികളുടെ അന്വേഷണം നിലനിൽക്കില്ലെന്നാണ് എ.ജി അഭിപ്രായപ്പെടുന്നത്.തമിഴ്നാട് പോലീസിന്റെ പരിധിയിലാണ് കുറ്റകൃത്യം നടന്നത്. ഗ്രീഷ്മ ഷാരോണിനെ കൊല്ലാനുള്ള ആസൂത്രണം നടത്തുന്നതും വിഷം നൽകുന്നതും തമിഴ്നാട് പോലീസിന്റെ പരിധിയിൽ വെച്ചാണ്. കേരളത്തിലാണ് മരണം നടന്നത്. പാറശ്ശാല പോലീസാണ് ആദ്യം കേസന്വേഷണം ആരംഭിച്ചത്.അതേസമയം, കേസ് തമിഴ്നാട് പോലീസിന് കൈമാറുന്നതിനെ ഷാരോണിന്റെ കുടുംബം നേരത്തെ ശക്തമായി എതിർത്തിരുന്നു. ക്രൈം ബ്രാഞ്ച് തന്നെ കേസന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതിയും നൽകിയിരുന്നു. അന്വേഷണം കേരളത്തിൽ തന്നെ തുടരുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയ മറുപടി.