പ്രധാന വാര്‍ത്തകള്‍
അന്വേഷണ റിപ്പോർട്ടുകളോ വിവരങ്ങളോ വിവരാവകാശ നിയമപ്രകാരം നൽകാൻ സിബിഐക്ക് ബാധ്യതയില്ല-ഹൈക്കോടതി
കൊച്ചി : സ്വകാര്യ ആവശ്യങ്ങൾക്കായി അന്വേഷണ റിപ്പോർട്ടുകളോ അന്വേഷണ വിവരങ്ങളോ വിവരാവകാശ നിയമ പ്രകാരം കൈമാറാൻ സിബിഐക്ക് ബാധ്യത ഇല്ലെന്ന് ഹൈക്കോടതി. സി.ബി.ഐ അടക്കമുള്ള അന്വേഷണ ഏജൻസികളെ വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. തിരുവനന്തപുരം സ്വദേശി സമർപ്പിച്ച അപ്പീൽ തള്ളിയാണ് കോടതിയുടെ നടപടി.സെൻട്രൽ എക്സൈസ് ആന്‍റ് കസ്റ്റംസ് റിട്ട. ഓഫീസറായ എസ്. രാജീവ് കുമാറിന്റെ ഹർജിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് തള്ളിയത്.വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷ സിബിഐ നിരസിച്ചതിനെതിരെയാണ് രാജീവ് കുമാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.