ജില്ലാതല ഭരണഭാഷ വാരാഘോഷത്തിന് സമാപനം
ജില്ലാതല ഭരണഭാഷാ വാരാഘോഷ സമാപന യോഗം മൂലമറ്റം സെന്റ് ജോസഫ് കോളേജ് ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ആധുനിക സമൂഹത്തിൽ ഭാഷയുടെ അളവുകോൽ സാഹിത്യത്തിന്റെയും സിനിമയുടെയും വളർച്ചയാണ്. പലതിനെയും ഉൾക്കൊള്ളുകയും സ്വീകരിക്കുകയും ചെയ്യുന്നതാണ് നമ്മുടെ രാജ്യത്തിന്റെ സംസ്കാരം. ഇതിന് ഉദാഹരണമാണ് നമ്മുടെ വാസ്തു-ശില്പ കല, പല ഭാഷകളിൽ നിന്ന് സ്വീകരിച്ച വാക്കുകൾ തുടങ്ങിയവ, നാട് വിട്ടാൽ നമ്മൾ മലയാളികൾ നമ്മുടെ ഭാഷ ഉപയോഗിക്കാനോ, പ്രചരിപ്പിക്കാനോ സംസാരിക്കാനോ തയ്യാറല്ലന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം വിമർശിച്ചു. ഭരണ കേന്ദ്രങ്ങളിൽ സാധരണക്കാരന് മനസിലാകുന്ന രീതിയിൽ ഭാഷ ഉപയോഗിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
മലയാളഭാഷയുടെ വഴികള്‍ എന്ന വിഷയത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനികസ് കോളേജ് പ്രൊഫസർ ഡോ.ഫാ. മനോജ് ജെ. പാലക്കുടി ക്ലാസ് നയിച്ചു. ഭാഷാപ്രയോഗ പരിണാമം-ലിപി പരിഷ്‌കരണം എന്ന വിഷയത്തിൽ മുരിക്കാശ്ശേരി മാർസ്ലീവാ കോളേജ് പ്രിൻസിപ്പൽ ഡോ.ജോഷി വര്‍ഗീസ്, ലഹരിയുടെ ദൂഷ്യങ്ങളും-നിയമവും ശിക്ഷയും സെമിനാറിൽ ഇടുക്കി എക്സൈസ് സര്‍ക്കിള്‍ സാബുമോന്‍ ക്ലാസ് നയിച്ചു.
സെന്റ് ജോസഫ് കോളേജ് മാനേജർ ഫാ.തോമസ് ജോര്‍ജ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. നാടുകാണി ട്രൈബല്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് പ്രിൻസിപ്പാൾ ഇൻ ചാർജ് പ്രൊഫ. കെ. രാജേഷ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഡോ. സാബു വര്‍ഗീസ്, സെന്റ് ജോസഫ് കോളേജ് മലയാളം വകുപ്പ് അധ്യാപകരായ പ്രൊഫ. ശരത് ചന്ദ്രൻ, പ്രോഫ. അള്‍ഫോണ്‍സ് പി. പാറയ്ക്കല്‍, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എന്‍. സതീഷ് കുമാര്‍, സെന്റ് ജോസഫ് കോളേജ് കോ-ഓര്‍ഡിനേറ്റര്‍ റോബി മാത്യു എന്നിവർ സന്നിഹിതരായിരുന്നു.
സെന്റ് ജോസഫ് കോളേജ് പ്രിൻസിപ്പാൾ ഡോ.സാബുക്കുട്ടി എം.ജി സ്വാഗതവും, സെന്റ് ജോസഫ് കോളേജ് ലൈബ്രറേറിയൻ സി.ജി. ദ്രൗപതീ ദേവി കൃതജ്ഞതയും രേഖപ്പെടുത്തി. വാരാഘോഷത്തോടനുബന്ധിച്ച് ഇൻഫർമേഷൻ ഓഫീസ് നടത്തിയ മത്സരങ്ങളിൽ വിജയിച്ചവർക്ക് യോഗത്തിൽ സമ്മാനം കൈമാറി.
ചിത്രം: ഭരണ ഭാഷ വാരാഘോഷം സമാപന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു.