കഞ്ചാവ് വിറ്റ ലാഭം നൽകിയില്ല; സുഹൃത്തിന്റെ അമ്മയുടെ കണ്ണിൽ കുരുമുളക് സ്പ്രേ അടിച്ച് ആക്രമണം
തൊടുപുഴ: കമ്പിപ്പാലം ഭാഗത്ത് കഞ്ചാവ് പൊതികൾ വിറ്റ ലാഭത്തെ ചൊല്ലിയുള്ള വിരോധത്തിൽ സുഹൃത്തിന്റെ വീട്ടിൽ കയറി അമ്മയുടെ കണ്ണിൽ കുരുമുളക് സ്പ്രേ അടിച്ചശേഷം ഹെൽമെറ്റുകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ. തൊടുപുഴ കോലാനിയിൽ പഞ്ചവടിപ്പാലം ഭാഗത്തുള്ള കുളത്തൂർ വീട്ടിൽ ലിബിൻ ബേബി( 23)യാണ് പിടിയിലായത്. തൊടുപുഴ ഡിവൈ.എസ്.പി.യുടെ സ്പെഷ്യൽ സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്.ആന്ധ്രയിൽനിന്ന് കൊണ്ടുവന്ന കഞ്ചാവ് പൊതികളാക്കി വിറ്റ നാൽവർ സംഘം മുടക്കിയ പണത്തിന്റെ ലാഭം ലഭിച്ച ഒരാൾ അത് പങ്കുവെയ്ക്കാൻ തയാറാകാതിരുന്നതിനെ തുടർന്നാണ് തർക്കവും വിരോധവും തുടങ്ങിയത്. തുടർന്ന് ലാഭത്തിൻന്റെ തുക ഒറ്റയ്ക്ക് കൈക്കലാക്കിയ ആളിന്റെ വീട്ടിലെത്തിയ മൂവർസംഘം നാലാമനെ കാണാഞ്ഞതിനെ തുടർന്ന് ഇയാളുടെ അമ്മയെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട മറ്റൊരു പ്രതിയായ മലങ്കര മാപ്ര ഭാഗത്ത് ചെങ്കിലത്ത് വീട്ടിൽ ആദർശ് എന്ന വടിവാൾ അച്ചുവിനെ ഒരു വധശ്രമക്കേസിൽ ശനിയാഴ്ച തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.സെപ്റ്റംബർ 13-ന് നടന്ന സംഭവമായിരുന്നെങ്കിലും പ്രതികൾ ഒളിവിൽ പോയതിനാൽ ഇതുവരെയും അറസ്റ്റ് ചെയ്യാൻ സാധിച്ചിരുന്നില്ല.കേസിലെ അവശേഷിക്കുന്ന പ്രതിയെയും അറസ്റ്റ് ചെയ്യുമെന്നും മയക്കുമരുന്നുമായി ബന്ധപ്പെട്ട മറ്റ് കേസുകളിൽ വർഷങ്ങളായി അറസ്റ്റ് ചെയ്യപ്പെടാത്ത പ്രതികളെയും അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ നടത്തുമെന്നും ഡിവൈ.എസ്.പി. എം.ആർ.മധുബാബു പറഞ്ഞു.