ഇന്ത്യയിലെ മരുന്നുകളുടെ ഡാറ്റാബേസ് തയ്യാറാക്കാനൊരുങ്ങി കേന്ദ്രം; ഗുണനിലവാരം ഉറപ്പാക്കും
ഇന്ത്യയിൽ വിൽക്കുന്ന എല്ലാ മരുന്നുകളുടെയും ഫോർമുലേഷനുകളെക്കുറിച്ച് (drug formulations) വിശദമായ ഡാറ്റാബേസ് (database) തയ്യാറാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതിനായി ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ഒരു കമ്മിറ്റി (committee) രൂപീകരിക്കാൻ തീരുമാനിച്ചു. ഈ കമ്മിറ്റി ആവശ്യമായ ശുപാർശകൾ നൽകുകയും രാജ്യത്ത് നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന മരുന്നുകളുടെ ഫോർമുലേഷനുകളുടെ സമഗ്രമായ ഡാറ്റാബേസ് തയ്യാറാക്കുകയും ചെയ്യും. ഒരു മരുന്നിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ, അതിന്റെ ഡോസേജ്, മരുന്നിന്റെ നിർമ്മാതാവ്, വിൽക്കുന്നയാൾ, ഇറക്കുമതി ചെയ്യുന്നയാൾ തുടങ്ങിയ വിശദാംശങ്ങൾ കമ്മിറ്റി നൽകും.
Constitution of a Committee for preparation of National Drugs Database’ എന്ന തലക്കെട്ടിൽ പുറത്തിറക്കിയ ഓഫീസ് മെമ്മോറാണ്ടം പ്രകാരം ഏഴ് അംഗങ്ങളുടെ ഒരു പാനൽ രൂപീകരിച്ചിട്ടുണ്ട്. ഒക്ടോബർ 27നാണ് മെമ്മോറാണ്ടം പുറത്തിറക്കിയത്.
”രാജ്യത്ത് നിർമിക്കുകയും വിൽക്കുന്നതുമായ മരുന്നുകളുടെ ഫോർമുലേഷനുകളെക്കുറിച്ച് സമഗ്രമായ ഒരു ഡാറ്റാബേസ് തയ്യാറാക്കേണ്ടതുണ്ട്. മരുന്നിന്റെ വിശദമായ വിവരങ്ങൾ, അതിന്റെ ഡോസേജ്, നിർമ്മാതാവ്/വിപണനക്കാരൻ/ഇറക്കുമതി ചെയ്യുന്നയാളുടെ വിശദാംശങ്ങൾ മുതലായവ കമ്മിറ്റി കണ്ടെത്തും, ” ഇന്ത്യയുടെ ഡ്രഗ് കൺട്രോളർ ജനറൽ വി ജി സോമാനി പുറത്തിറക്കിയ മെമ്മോറാണ്ടത്തിൽ പറയുന്നു. അത്തരമൊരു ഡാറ്റാബേസ് ഉപഭോക്താക്കൾക്ക് ഗുണകരമാകിക മാത്രമല്ല, രാജ്യത്തുടനീളമുള്ള മരുന്നുകളുടെ ഗുണനിലവാരം നിരീക്ഷിക്കുന്നതിനുള്ള സംവിധാനം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് സോമാനി വിശദീകരിച്ചു. അത്തരമൊരു ഡാറ്റാബേസ് തയ്യാറാക്കുന്നതിന് ഒരു കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മെമ്മോറാണ്ടത്തിൽ പറഞ്ഞു.
ഗുജറാത്തിലെ ഫുഡ് ആൻഡ് ഡ്രഗ് കൺട്രോൾ അഡ്മിനിസ്ട്രേഷൻ (എഫ്ഡിസിഎ) കമ്മീഷണർ ഡോ.എച്ച്.ജി. കോഷിയ, ന്യൂഡൽഹി എയിംസിൽ നിന്നുള്ള ഡോ. പൂജ ഗുപ്ത, ന്യൂഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെ ശാസ്ത്രജ്ഞൻ ഡോ. ജെറിയൻ ജോസ്, മഹാരാഷ്ട്രയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ജോയിന്റ് കമ്മീഷണർ (എഫ്ഡിഎ) ഡി.ആർ ഗഹാനെ, കർണാടകയിലെ സ്റ്റേറ്റ് ഡ്രഗ്സ് കൺട്രോളർ ബി.ടി ഖാനാപുരെ, ഹിമാചൽ പ്രദേശിലെ സ്റ്റേറ്റ് ഡ്രഗ്സ് കൺട്രോളർ നവനീത് മർവഹ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. ഇന്ത്യയുടെ ജോയിന്റ് ഡ്രഗ്സ് കൺട്രോളർ എ കെ പ്രധാൻ ആണ് സമിതിയുടെ കൺവീനർ.