സംസ്ഥാനങ്ങൾ വിവേചനരഹിതമായി വായ്പയെടുത്ത് സൗജന്യം നൽകിയാൽ സാമ്പത്തിക തകർച്ചയുണ്ടാകും;’ നിർമല സീതാരാമൻ
തിരുവനന്തപുരം: സംസ്ഥാനങ്ങൾ വിവേചനരഹിതമായി വായ്പ എടുത്താൽ ഇടപെടാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇത്തരത്തിൽ വായ്പയെടുത്ത് സൗജന്യങ്ങൾ നൽകുന്നത് നല്ല കീഴ് വഴക്കമല്ല. ഇങ്ങനെ ചെയ്യുന്നത് സാമ്പത്തിക തകർച്ചയുണ്ടാക്കുമെന്നും അവർ പറഞ്ഞു. മൂലധന ആസ്തികൾ വർദ്ധിപ്പിക്കുന്നതിന് പകരം ആനുകൂല്യങ്ങൾ നൽകാനും ദൈനംദിന ചെലവുകൾക്കുമായി പണം വായ്പയെടുക്കുന്നത് വരും തലമുറകൾക്കുകൂടി വലിയ ബാധ്യതകൾ സൃഷ്ടിക്കും. ഭാരതീയ വിചാര കേന്ദ്രം സ്ഥാപക ഡയറക്ടർ പി പരമേശ്വരൻ അനുസ്മരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ‘സഹകരണ ഫെഡറലിസം; ആത്മനിർഭർ ഭാരതത്തിലേക്കുള്ള പാത’ എന്ന പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു നിർമല സീതാരാമൻ.
ആശയ സംവാദത്തിന്റെ അന്തരീക്ഷം നിലനിറുത്താൻ കേരളം പണിപ്പെടുകയാണെന്ന് നിർമല സീതാരാമൻ പറഞ്ഞു. ആക്രമണ സ്വഭാവമാണ് ചുറ്റും മുന്നിട്ട് നിൽക്കുന്നത്. ഒരു രൂപ കേന്ദ്രം നൽകിയാൽ പതിനഞ്ച് പൈസ മാത്രമെ ഒരു പൗരന്റെ കൈയ്യിലെത്തുന്നുള്ളൂ എന്ന് മുൻ പ്രധാനമന്ത്രി പറഞ്ഞ പോലെയല്ല ബി.ജെ.പി സർക്കാർ പ്രവർത്തിക്കുന്നത്. ഒരു രൂപ നൽകുമെന്ന് പറഞ്ഞാൽ അത് നൽകിയിരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു.
സഹകരണ ഫെഡറലിസം രാജ്യ പുരോഗതിക്ക് അനിവാര്യമെന്ന് നിർമല സീതാരാമൻ പറഞ്ഞു. കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിച്ചാലെ പുരോഗതി സാധ്യമാകൂ. സെസായി പിരിക്കുന്ന തുക സംസ്ഥാനങ്ങൾക്ക് നൽകുന്നില്ല എന്നത് സത്യ വിരുദ്ധം. റോഡ് മുതൽ സ്കൂളുകൾ വരെ പണിയാനാണ് സെസ്സ് തുക നൽകുന്നത്
വസ്തുതകളുടെ അടിസ്ഥാനത്തിലല്ല രാഷ്ട്രീയത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് കേന്ദ്ര-സംസ്ഥാന ബന്ധത്തെ ചിലർ വിമർശിക്കുന്നതെന്ന് നിർമല സീതാരാമൻ പറഞ്ഞു. രാഷ്ട്രീയ വിജയം നേടാൻ ഉദ്യോഗസ്ഥരെ രാഷ്ടീയ വത്ക്കരിക്കരുത്. കേന്ദ്ര ഡെപ്യൂട്ടേഷനിൽ ഉദ്യോഗസ്ഥരെ വിടാൻ ചില സംസ്ഥാനങ്ങൾ മടിക്കുന്നതിനെ കേന്ദ്ര ധനമന്ത്രി വിവർശിച്ചു. ഈ നിലപാട് സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് അവർ പറഞ്ഞു.
കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ വികസിത രാജ്യമാക്കാന്‍ കഴിയും. കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിച്ചത് കൊണ്ടാണ് കോവിഡിനെ നേരിടാനായത്. മോദി സര്‍ക്കാര്‍ ആത്മനിര്‍ബര്‍ഭാരതിലൂടെ ഭാരതത്തിന് പുതുജീവന്‍ നല്‍കിയെന്നും നിർമല സീതാരാമൻ പറഞ്ഞു.