മെസിയുടെയും നെയ്മറിന്റെയും വൈറൽ കട്ടൗട്ടുകള്‍ നീക്കം ചെയ്യാൻ അധികൃതർ
കോഴിക്കോട്: പുള്ളാവൂരിലെ പുഴയിൽ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്‍റെയും കട്ടൗട്ടുകൾ നീക്കാൻ അധികൃതർ നിർദ്ദേശം നൽകി. ഫുട്ബോൾ ലോകകപ്പിന്‍റെ ആവേശത്തിൽ പുള്ളാവൂര്‍ ചെറുപുഴയിൽ ആരാധകർ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്‍റെയും കട്ടൗട്ടുകൾ നീക്കം ചെയ്യാൻ ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറി ആണ് നിർദ്ദേശം നൽകിയത്. അഭിഭാഷകനായ ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയുമെന്ന പരാതിയിലാണ് മെസിയുടെയും നെയ്മറിന്റെയും വൈറൽ കട്ടൗട്ടുകൾ നീക്കം ചെയ്യാൻ പഞ്ചായത്ത് നിർദ്ദേശം നൽകിയത്.
കഴിഞ്ഞയാഴ്ച മെസിയുടെ 30 അടി ഉയരമുള്ള കൂറ്റൻ കട്ടൗട്ട് ഫുട്ബോൾ ആരാധകർ പുഴയിൽ സ്ഥാപിച്ചിരുന്നു. ഫോക്സ് സ്പോർട്സ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര കായിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതിന് മറുപടിയായി ബ്രസീലിയൻ ആരാധകർ നെയ്മറിന്‍റെ 40 അടി ഉയരമുള്ള കട്ടൗട്ടും പുള്ളാവൂരിൽ പുഴയോരത്ത് സ്ഥാപിച്ചിരുന്നു
എന്നാൽ പരാതിയെ തുടർന്ന് ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറി രണ്ട് കട്ടൗട്ടുകളും നീക്കം ചെയ്യാൻ നിർദ്ദേശം നൽകി. കട്ടൗട്ടുകൾ പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തുമെന്ന അഭിഭാഷകൻ ശ്രീജിത്ത് പെരുമനയുടെ പരാതിയെ തുടർന്നാണ് സ്ഥലത്ത് പരിശോധന നടത്തിയതെന്നും വസ്തുതകൾ ബോധ്യപ്പെട്ടതിനാലാണ് കട്ടൗട്ടുകൾ നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയതെന്നും പഞ്ചായത്ത് സെക്രട്ടറി വിശദീകരിച്ചു.