കൃഷിയിടാധിഷ്ഠിത ആസൂത്രണ വികസനം; ഏകദിന ജില്ലാതല പരിശീലനം സംഘടിപ്പിച്ചു
ഇടുക്കി ജില്ലാ കാര്‍ഷിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ‘കൃഷിയിടാധിഷ്ഠിത ആസൂത്രണ വികസന സമീപനം’ എന്ന വിഷയത്തില്‍ ജില്ലയിലെ കൃഷി ഉദേ്യാഗസ്ഥര്‍ക്കായി ഏകദിന ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു. തൊടുപുഴ ടൗണ്‍ ഹാളില്‍ നടത്തിയ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഡോ. സാബു വര്‍ഗീസ് നിര്‍വ്വഹിച്ചു. പരമ്പരാഗത പദ്ധതി നടത്തിപ്പില്‍ നിന്നും മാറി ചിന്തിച്ച് സമഗ്രമായ മാറ്റത്തിലേക്ക് കൃഷി വകുപ്പ് കടക്കുകയാണ്. അതുകൊണ്ട് കാലഘട്ടത്തിന്റെ ആവശ്യം സമഗ്ര കൃഷിയിടാധിഷ്ഠിത ആസൂത്രണ വികസന സമീപന നയമാണെന്ന് ഡോ. സാബു വര്‍ഗീസ് പറഞ്ഞു. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എസ്. പത്മം അദ്ധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ബീനാമോള്‍ ആന്റണി സ്വാഗതം ആശംസിച്ചു. ആത്മ ഇടുക്കി പ്രൊജക്ട് ഡയറക്ടര്‍ ആന്‍സി തോമസ് പദ്ധതി വിശദീകരിച്ചു. വിവിധ വകുപ്പുകളുടെ സംയുക്ത പദ്ധതി സാദ്ധ്യതകളെക്കുറിച്ച് വാഗമണ്‍ എല്‍.എം.റ്റി.സി അസി. ഡയറക്ടര്‍ ഡോ. എന്‍.റ്റി ആശാകുമാരി, ഡയറി ഡെവലപ്പ്മെന്റ് അസി. ഡയറക്ടര്‍ ബെറ്റി ജോഷ്വ എന്നിവര്‍ സംസാരിച്ചു. കൃഷി അസി. ഡയറക്ടര്‍ ചന്ദ്രബിന്ദു കെ.ആര്. കൃതഞ്ജത അര്‍പ്പിച്ചു. തുടര്‍ന്ന് കൃഷിയിടാധിഷ്ഠിത ആസൂത്രണ വികസന സമീപനം നടത്തുന്നതിനും, ഫാം പ്ലാനുകള്‍ എങ്ങനെ തയ്യാറാക്കാം എന്നതിനെക്കുറിച്ചും വിവിധ സെഷനുകളിലായി ഏകദിന പരിശീലനം നടത്തി. ഫാം പ്ലാന്‍ സമീപനത്തില്‍ ഒരു കൃഷിഭവനില്‍ നിന്നും 10 കര്‍ഷകരെ വീതം തിരഞ്ഞെടുക്കുന്നതിനാണ് നിര്‍ദേശം നല്‍കിയത്. കുറഞ്ഞത് 10 സെന്റ് മുതല്‍ രണ്ട് ഏക്കര്‍ വരെയുള്ള ഗുണഭോക്താക്കളെയാണ് തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കുന്ന 10 കൃഷിയിടത്തില്‍ നിന്നും ഒരു കൃഷിയിടം സംയോജിത കൃഷി അനുവര്ത്തിക്കുന്നതാവണം. നിലവില്‍ വിവിധ വകുപ്പുകളിലൂടെ നല്കുന്ന സബ്സിഡികള്‍ ഏകീകരിച്ച് തിരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകര്‍ക്ക് നല്കി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പഞ്ചായത്തിലെ മികച്ച കൃഷിയിടമാക്കുന്നതിനുള്ള പദ്ധതിയാണിത്. ഇതിന്റെ തുടര്‍ച്ചയായി നവംബര്‍ എട്ടിന് സിവില്‍ സ്റ്റേഷനില്‍ തൊടുപുഴ ബ്ലോക്കിന്റെ നേതൃത്വത്തില്‍ കരട് പ്ലാന്‍ തയ്യാറാക്കുന്നതിന് ശില്പശാല നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.