കൗമാരക്കാരന്റെ മരണം മുങ്ങിമരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
ഇടുക്കി : രാമക്കൽമെട്ടിൽ വിനോദസഞ്ചാരത്തിനെത്തിയ കൗമാരക്കാരന്റെ മരണം മുങ്ങിമരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. തൂക്കപാലത്തെ സ്വകാര്യ ആശുപത്രിയിൽ ദുരൂഹ സാഹചര്യത്തിൽ കൗമാരക്കാരൻ മരിച്ചത് ചികിത്സാപിഴവ് മൂലമാണെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ സ്വകാര്യ റിസോട്ടിലെ പൂളിൽ മുങ്ങിതാഴ്ന്ന് കൗമാരക്കാരന്റെ ശ്വാസകോശത്തിൽ വെള്ളം കയറിയിരുന്നു. ഇതാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറിൽ നിന്ന് ലഭിച്ച വിവരമെന്ന് നെടുങ്കണ്ടം സി.ഐ.പറഞ്ഞു.മലപ്പുറം തിരൂർ കൽപ്പകഞ്ചേരി ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർഥി നിഹാൽ (17) ആണ് മരിച്ചത്. സ്‌കൂളിലെ 94 വിദ്യാർഥികൾക്കൊപ്പം ടൂർ പാക്കേജിന്റെ ഭാഗമായാണ് നിഹാൽ ബുധനാഴ്ച രാമക്കൽമെട്ടിൽ എത്തിയത്. കുറവൻകുറത്തി ശിൽപത്തിനടത്തുള്ള സ്വകാര്യ റിസോട്ടിൽ മുറിയെടുത്താണ് നിഹാലും സുഹൃത്തുക്കളും താമസിച്ചത്. ബുധനാഴ്ച വൈകിട്ട് റിസോട്ടിലെ കുളത്തിൽ കൂട്ടുകാരുമൊത്ത് കളിക്കാനിറങ്ങിയ നിഹാൽ വെള്ളത്തിൽ മുങ്ങിത്താണു. ഇതേത്തുടർന്ന് കൂട്ടുകാർ നിഹാലിനെ കരക്കെത്തിച്ച് പ്രഥാമിക ശിശ്രൂഷ നൽകി. എന്നാൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് റിസോർട്ട് അധികൃതരുടെ സഹായത്തോടെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് രാത്രി 8.30-തോടെ വിദ്യാർഥി മരിക്കുകയായിരുന്നു.